Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിക്കുമ്പോള്‍ ചുരിദാര്‍ അല്ലാതാകുന്ന മാജിക്ക് അഥവാ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡിന്റെ കഥ

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡിന്റെ കഥ

ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിക്കുമ്പോള്‍ ചുരിദാര്‍ അല്ലാതാകുന്ന മാജിക്ക് അഥവാ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡിന്റെ കഥ
തിരുവനന്തപുരം , വ്യാഴം, 1 ഡിസം‌ബര്‍ 2016 (16:03 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എന്തു വസ്ത്രം ധരിച്ച് വേണമെങ്കിലും പോകാം. പക്ഷേ, ചുരിദാര്‍ ധരിച്ച് പോകാന്‍ പാടില്ല. സാരി നിര്‍ബന്ധമാണ്. ചുരിദാര്‍ ധരിച്ചാണെങ്കില്‍ മേല്‍മുണ്ട് നിര്‍ബന്ധമാണ്. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡ് ഇങ്ങനെ പറയാം. സ്ത്രീകള്‍ സാരി ധരിച്ച് വേണം ക്ഷേത്രത്തില്‍ എത്തേണ്ടത് എന്നതാണ് കാലങ്ങളായുള്ള ആചാരം. എന്നാല്‍, കാലം അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റേതായ മാറ്റങ്ങള്‍  വിശ്വാസികളും പ്രതീക്ഷിക്കുന്നുണ്ട്.
 
ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം സ്വദേശിയായ റിയ രാജി എന്ന അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഹര്‍ജി. ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് മുണ്ടും വനിതകള്‍ക്ക് സാരിയുമാണ് ദര്‍ശനവേളയിലെ ആചാരപരമായ വേഷം. ചുരിദാര്‍ ധരിച്ചെത്തുന്നവര്‍ അതിനു മുകളില്‍ മുണ്ട് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനെതിരെ ആയിരുന്നു റിയ രാജി കോടതിയെ സമീപിച്ചത്.
 
സെപ്തംബര്‍ 29ന് ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തെക്കുറിച്ച് ഭക്തസംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ എക്സിക്യുട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യുട്ടിവ് ഓഫീസര്‍ ആയ കെ എന്‍ സതീഷ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പോകാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, കേരള ബ്രാഹ്‌മണസഭ അടക്കമുള്ള സംഘടനകള്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിറ്റേദിവസം രാവിലെ തന്നെ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തി. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരെ തടഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നു ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
 
വിഷയത്തില്‍ എക്സിക്യുട്ടിവ് ഓഫീസര്‍ കൈക്കൊണ്ടത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ഭക്തജനങ്ങളുമായും മറ്റും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയില്ലെന്നുമാണ് ആരോപണം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ക്ഷേത്രഭരണസമിതി ചെയര്‍മാനും ജില്ല ജഡ്‌ജിയുമായ കെ ഹരിപാല്‍ എക്സിക്യുട്ടിവ് ഓഫീസര്‍ക്ക് കത്തു നല്കി. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിനു ശമനമുണ്ടായത്. അതേസമയം, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അതുവരെ ചുരിദാര്‍ ധരിച്ച് കയറാമെന്നും കെ എന്‍ സതീഷ് അറിയിച്ചു.
 
ആചാരവിരുദ്ധമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചത് അശുദ്ധിക്ക് കാരണമാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍, ചുരിദാര്‍ ധരിച്ച് കയറുമ്പോള്‍ ഉണ്ടാകുന്ന അശുദ്ധി ചുരിദാര്‍ ധരിച്ച് അതിനു മുകളില്‍ ഒരു മുണ്ട് ചുറ്റുമ്പോള്‍ എങ്ങനെയാണ് ഇല്ലാതാകുന്നത് എന്നാണ് ഉത്തരവിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. ചുരിദാര്‍ എന്നല്ല ഏതു വസ്ത്രം ധരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയാലും മേല്‍മുണ്ട് ഉടുത്താല്‍ പ്രവേശനം അനുവദനീയമാണ്. മേല്‍മുണ്ട് വാടകയ്ക്ക് ലഭിക്കും. നല്ല വസ്ത്രം ധരിച്ച് പ്രവേശനം അനുവദിക്കാതെ അതിനുമേല്‍ വാടകയ്ക്ക് എടുത്ത മുണ്ട്, അത് മിക്കവാറും കുറേ ആളുകള്‍ ഉപയോഗിച്ചത് ആയിരിക്കും, ഉടുത്ത് പ്രവേശിക്കാമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകാതെ ഇരിക്കുകയാണ് ഡ്രസ് കോഡില്‍ വിശ്വാസമില്ലാത്ത ഭക്തര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളർത്താൻ കഴിവില്ല, 21 ദിവസം പ്രായമായ കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റു; കോഴിക്കോട് സ്വദേശിയായ പിതാവ് അറസ്റ്റിൽ