കണ്ണൂര്‍ സി പി എമ്മില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. പി ജയരാജന്‍ എന്ന നേതാവിന് പിന്നില്‍ പ്രവര്‍ത്തകരും ജനങ്ങളും അണിനിരക്കുന്നത് അമ്പരപ്പോടെയാണ് കണ്ണൂരിലെ മറ്റ് നേതാക്കള്‍ കണ്ടുനില്‍ക്കുന്നത്. ജയരാജനെ ഒതുക്കാനുള്ള എല്ലാ ശ്രമങ്ങളും പാളുകയും പൂര്‍വാധികം ശക്തിയോടെ ‘പിജെ’ തിരിച്ചുവരികയും ചെയ്യുന്നു.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ തിരക്കിലായിരുന്ന എം വി ജയരാജനും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നു. അപ്പോള്‍ പി ജയരാജനും എം വി ഗോവിന്ദനും മാത്രം തിളങ്ങിനില്‍ക്കുന്ന ഒരു സാഹചര്യമായിരുന്നു. കണ്ണൂരില്‍ പി ജയരാജന്‍ അന്തിമവാക്കായി മാറിയത് അപ്പോഴാണ്.
ജയരാജനെ ഒതുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു വടകര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന പ്രചരണം ശക്തമാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റി നിര്‍ത്തി വടകരയില്‍ മത്സരിപ്പിച്ചു. പകരം എം വി ജയരാജനെ സെക്രട്ടറിയാക്കി. വടകരയില്‍ ജയിച്ചാലും പരാജയപ്പെട്ടാലും ജയരാജന്‍ ഒതുങ്ങും എന്നായിരുന്നുവത്രേ പാര്‍ട്ടിയിലെ എതിരാളികള്‍ ധരിച്ചിരുന്നത്. വടകരയില്‍ ജയരാജന്‍ തോറ്റു.
എന്നാല്‍ ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ പി ജയരാജന്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിറയുകയാണ്. ആന്തൂര്‍ ആത്മഹത്യയോടെയാണ് പി ജയരാജനും എം വി ഗോവിന്ദനും തമ്മിലുള്ള പോര് ലോകമറിയുന്നത്. ആന്തൂര്‍ സംഭവത്തില്‍ എം വി ഗോവിന്ദനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. പി ജയരാജന്‍റെ ജനപിന്തുണ വര്‍ദ്ധിക്കുകയും ചെയ്തു.
ഒരിക്കല്‍ വി എസ് അച്യുതാനന്ദന്‍ എങ്ങനെ പാര്‍ട്ടിക്ക് മുകളില്‍ ബിംബമായി വളര്‍ന്നുവോ അതേ പാതയിലാണ് പി ജയരാജന്‍റെയും പോക്കെന്ന് തിരിച്ചറിഞ്ഞ കണ്ണൂരിലെ മറ്റ് നേതാക്കള്‍ അസ്വസ്ഥരാണ്. ഈ ബിംബവത്കരണത്തിനെതിരെ പിണറായി വിജയനുപോലും കഴിഞ്ഞ ദിവസം ശബ്ദിക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
എന്തായാലും ആരെയും കൂസാതെയാണ് പി ജയരാജന്‍റെ പോക്ക്. ജയരാജന് തടയിടാന്‍ കണ്ണൂരിലെ വമ്പന്‍മാര്‍ക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.