Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് മണ്ഡലങ്ങളിലും ജയിച്ചാൽ രാഹുൽ ഏത് മണ്ഡലം, നിലനിർത്തും ? വയനാട്ടിലെ ഭൂരിപക്ഷം ഇനി നിർണായക ഘടകമാകും !

രണ്ട് മണ്ഡലങ്ങളിലും ജയിച്ചാൽ രാഹുൽ ഏത് മണ്ഡലം, നിലനിർത്തും ? വയനാട്ടിലെ ഭൂരിപക്ഷം ഇനി നിർണായക ഘടകമാകും !
, തിങ്കള്‍, 1 ഏപ്രില്‍ 2019 (13:59 IST)
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽ വയനാട്ടിൽ നിന്നും ജനവിധി തേടും എന്ന കാര്യം തീരുമാനമായി. ആഘോഷത്തോടെയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. വയനാട് മണ്ഡലത്തിൽനിന്നും രാഹുൽ ഗാന്ധി ജയിക്കും എന്ന കാര്യത്തിൽ ഇടതുപക്ഷത്തിനു പോലും സംശയം ഉണ്ടാകില്ല. എന്നാൽ ഇനി ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷത്തെക്കുറിച്ചാകും. 
 
വയനാട്ടിൽ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും എന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. അമേഠിയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നത് കോൺഗ്രസിന് നന്നായി അറിയാം. കഴിഞ്ഞ അഞ്ച് വർഷങ്ങൾകൊണ്ട് മണ്ഡലത്തിൽ സ്മൃതി ഇറാനി ശക്തമായ വേരുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് മാത്രം ജയിച്ചിട്ടുള്ള വയനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള  തീരുമാനം.
 
അമേഠിയിൽ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും രാഹുൽ തന്നെ ജയിക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇരു മണ്ഡലങ്ങളിലും രാഹുൽ ഗാന്ധി ജയിക്കുമ്പോൾ മറ്റൊരു പ്രശ്നം കൂടി ഉടലെടുക്കും. ഇതിൽ ഏത് മണ്ഡലം രാഹുൽ നിൽ‌നിർത്തും ? ഇവിടെയാണ് ഇരു മണ്ഡലങ്ങളിലെയും ഭൂരിപക്ഷം പ്രധാന അളവുകോലായി മാറുക. അമേഠിയിൽ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3,70,198 വോട്ടിന്റെ ഭുപക്ഷത്തിലായിരുന്നു രാഹുൽ ബി എസ് എസ് പി സ്ഥാനാർത്ഥിയായ അശീഷ് ശുക്ലയെ പരാജയപ്പെടുത്തിയത്, 4,64,195 വോട്ടുകൾ അന്ന് രാഹുൽ നേടി. 37,570 വോട്ടുകൾ മാത്രമായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന പ്രദീപ് കുമാർ സിംഗ് അന്ന് നേടിയത്. 
 
എന്നാൽ തൊട്ടടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞു. രാഹുൽ ഗാന്ധി വിജയിച്ചെങ്കിലും 1,07,903 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ നേടാനായൊള്ളു 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായിരുന്ന ബി ജെ പി സ്മൃതി ഇറാനിയിലൂടെ 300,748 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഭൂരിപക്ഷത്തിൽ 2,62,295 വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. ഇത്തവണ ഭൂരിപക്ഷം ഇനിയും കുറയും എന്നാണ് വിലയിരുത്തൽ. 
 
എന്നാൽ വയനാട്ടിലെ സ്ഥിതി മറിച്ചാണ് 2008ൽ രൂപീകരിച്ച വയനാട് മണ്ഡലത്തിൽ നടന്ന രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും എം ഐ ഷാനവാസിലൂടെ കോൺഗ്രസ് മാത്രമാണ് വിജയിച്ചിട്ടുള്ളത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 410,703 വോട്ടുകൾ നേടി 153,439 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി ഐ സ്ഥാനാർത്ഥിയായ എം റഹ്‌മത്തുള്ളയെ എം ഐ ഷാനവാസ് പരാജയപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 20,870മായി കുറഞ്ഞിരുന്നു എങ്കിലും മണ്ഡലം കോൺഗ്രസിനെ കൈവിടുന്ന സ്വഭാവമുള്ളതല്ല. രാഹുൽ സ്ഥാനാർത്ഥിയാകുന്നതോടെ ഭൂരിപക്ഷത്തിൽ വലിയ വർധനവുണ്ടാകും എന്നുതന്നെയാണ് കണക്കുകൂട്ടൽ. 
 
മണ്ഡലത്തിലെ നിഷ്‌പക്ഷ വോട്ടുകൾ രാഹുലിലേക്ക് തന്നെയാവും എത്തിച്ചേരുക. അഞ്ച് ലക്ഷം വോട്ടുകൾ എന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ട് എങ്കിലും 3 ലക്ഷത്തിൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാഷ്ട്രീയത്തിനതീതമായ മുഖഛായ കേരളത്തിൽ രഹുലിന് ഉണ്ട് എന്നത് ഏറെ പ്രയോജനകരമാണ്. 
 
പക്ഷേ നെ‌ഹ്‌റു കുടുംബത്തിന്റെ പോർക്കളമായ അമേഠി ഒഴിവാക്കാൻ രാഹുൽ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. നിലനിർത്തിയില്ലെങ്കിൽ അമേഠി ഒരുപക്ഷേ പൂർണമായും കൈവിട്ടുപോകുന്ന സ്ഥിതി വന്നേക്കും എന്നതും രാഹുലിനെ ആശങ്കയിലാക്കിയേക്കും. പ്രിയങ്ക അമേഠി മണ്ഡലത്തിൽ നിന്നും ബൈ ഇലക്ഷനിൽ മത്സരിക്കുക എന്ന ഫോർമുല മാത്രമേ ഈ സാഹചര്യത്തെ മറികടക്കാൻ രാഹുലിനെ സഹായിക്കൂ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളന്‍ ബക്കറ്റും മഗ്ഗും അടിച്ചുമാറ്റി, വീടിന്‍റെ ടെറസില്‍ കയറി കുളിച്ചു!