ജൂണ്‍ 19: വായനാദിനം
വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍.പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി
വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എന്‍.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ പ്രാധാന്യം വരും തലമുറയ്ക്കു പഠിപ്പിച്ചു കൊടുക്കാന്‍ എന്തുകൊണ്ടും യോജിച്ച ദിനം.
വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍.പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.
കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ ഈ അക്ഷരങ്ങളില്‍കൂടിയും പുസ്തകങ്ങളുടെ ഓര്‍മ്മ പുതുക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാകാം. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്‌തെങ്കിലും വായനയ്‌ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.
ലോക ക്ലാസിക്കുകള്‍ക്ക് ഇന്റര്‍നെറ്റ് രൂപങ്ങള്‍ വരുമ്പോഴും കൃതികള്‍ ഇന്റര്‍നെറ്റിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുമ്പോഴും എന്തിനെന്നറിയാതെ പുസ്തകങ്ങളിലേക്കൊരു മടക്കയാത്ര കാലം ആഗ്രഹിക്കുന്നുണ്ടാവാം. അച്ചടിച്ച അക്ഷരങ്ങളുടെ വിശ്വാസ്യതയും പാരമ്പര്യവും തറവാടിത്തവും അങ്ങനെ അല്ലാത്ത അക്ഷരങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഇതു വരെ സാധിക്കാത്തതിനാലാകാം അത്.
വായനാദിനമായ 19ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും രാവിലെ പ്രത്യേക അസംബ്‌ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങള്‍ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടുക്കും. അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന ഗുരുവന്ദനം പരിപാടി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്‌കൂള്‍ തലത്തിലും സംഘടിപ്പിക്കും.
പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്‍പം വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും, വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്‍വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.