Publish Date: Tue, 03 Jul 2018 (10:25 IST)
Updated Date: Tue, 03 Jul 2018 (10:26 IST)
ബ്രസീലിന് മുന്നിൽ മെക്സിക്കോയും അടിയറവ് പറഞ്ഞു. എതിരാളികളെ ഒന്നടങ്കം പിന്നിലാക്കി മഞ്ഞപ്പട കുതിക്കുകയാണ്. മടക്കമില്ലാത്ത രണ്ട് ഗോളിന് ബ്രസീൽ മെക്സിക്കോയെ തോൽപ്പിച്ചു. ഇതോടെ തുടർച്ചയായ ഏഴാം തവണയും ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്ന ടീമായി മാറിയിരിക്കുകയാണ് ബ്രസീൽ.
ബ്രസീല്‍ സ്വന്തമാക്കിയ രണ്ട് ഗോളുകള്‍ക്കും നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു. 51-ആം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിനായി ആദ്യഗോള്‍ സ്വന്തമാക്കിയത്. സമനില ഗോളിനായി മെക്‌സിക്കോ നിരന്തരം ശ്രമിച്ചുവെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തിനു മുന്നില്‍ അവയൊന്നും വിലപ്പോയില്ല.
88-ആം മിനിറ്റില്‍ ഫിര്‍മീഞ്ഞോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. നെയ്മര്‍ നൽകിയ പാസ് ഫിർമീഞ്ഞോ ഗോളാക്കി മാറ്റുകയായിരുന്നു. കളിയുടെ ആദ്യപകുതി മുതല്‍ ആവേശോജ്ജ്വലമായിരുന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചുവെങ്കിലും ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു.