'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തൃഷ കൃഷ്ണ ആണ് നായിക. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റ് മലയാളത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണെന്ന് സംവിധായകരിൽ ഒരാളായ അഖിൽ പോൾ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ.
ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഐഡന്റിറ്റിയിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റിഗേറ്റീവ് ട്രാക്കിൽ നിൽക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് ടൊവിനോയും വിനയും തൃഷയും ചെയ്യുന്നത്. അന്വേഷണം ആയതുകൊണ്ടു തന്നെ അതിന്റേതായ സസ്പെൻസുകളും സിനിമയിലുണ്ട്. ഫോറൻസിക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി എന്നാണ് അഖിൽ പറയുന്നത്.
ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റി. സിനിമയിലെ ആക്ഷന് അതിന്റേതായ പ്രത്യേകതകളുമുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് 'ജവാൻ' പോലുള്ള സിനിമകളിൽ വർക്ക് ചെയ്ത യാനിക് ബെൻ എന്ന സ്റ്റണ്ട് ഡയറക്ടറെ കൊണ്ടുവന്നതെന്നും അഖിൽ പോൾ പറഞ്ഞു. നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.