2004 ഏപ്രില്‍ 17ന് ആയിരുന്നു സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് 'വിമാനാപകടത്തിൽ നടി സൗന്ദര്യ കൊല്ലപ്പെട്ടു' എന്ന വാർത്ത പുറംലോകം അറിയുന്നത്. നാല് പേർ മാത്രം സഞ്ചരിച്ച ഒരു ചെറുവിമാനം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയും തീഗോളമായി മാറുകയുമായിരുന്നു. സൗന്ദര്യ അടക്കം നാല് പേർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ആരെയും രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് നടന്ന അപകടം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
സൗന്ദര്യയുടെത് അപകട മരണമല്ല, കൊലപാതകമാണ്, നടന്‍ മോഹന്‍ ബാബു ആണ് അതിന് കാരണം എന്ന് ആരോപിച്ചു കൊണ്ട് ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാള്‍ രംഗത്തെത്തിയതോടെയാണ് സൗന്ദര്യയുടെ മരണം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നത്. സൗന്ദര്യയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് മോഹൻ ബാബു ഇത്തരമൊരു ചതി ചെയ്തതെന്നാണ് ഇയാളുടെ ആരോപണം.
12 വര്‍ഷത്തെ സിനിമാജീവിതത്തിൽ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു. സൗമ്യ സത്യനാരായണ അയ്യര്‍ എന്നതായിരുന്നു സൗന്ദര്യയുടെ യഥാര്‍ഥ പേര്. സൗന്ദര്യ എന്ന പേര് സിനിമയ്ക്കായി സ്വീകരിക്കുകയായിരുന്നു. തുടക്കം മാതൃഭാഷയായ കന്നടയില്‍ ആയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എംബിബിഎസിന് ചേര്‍ന്ന സൗന്ദര്യ ഒന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കവെയാണ് ഗാന്ധര്‍വ്വ എന്ന കന്നട സിനിമയിലേക്ക് അവസരം ലഭിച്ചത്. പിന്നീട് പഠനത്തോട് വിട പറഞ്ഞു.
തുടക്കം കന്നടയിൽ ആയിരുന്നെങ്കിലും സൗന്ദര്യയ്ക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് തെലുങ്ക് ഇൻഡസ്ട്രി ആയിരുന്നു. മൂന്ന് തവണ ആന്ധ്ര സ്റ്റേറ്റ് അവാര്‍ഡും രണ്ട് തവണ കര്‍ണാടക സ്റ്റേറ്റ് അവാര്‍ഡും നേടിയ സൗന്ദര്യയ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
തമിഴില്‍ കാര്‍ത്തിക്കിനൊപ്പം പൊന്നുമണി എന്ന പടത്തില്‍ മാനസിക വൈകല്യമുളള പെണ്‍കുട്ടിയുടെ വേഷം ചെയ്തതോടെ സൗന്ദര്യയ്ക്ക് വ്യാപക അംഗീകാരം ലഭിച്ചു. രജനികാന്തിനൊപ്പം അരുണാചലം എന്ന സിനിമയില്‍ അഭിനയിച്ചതോടെ തമിഴിലും വന്‍ താരമായി. സൂര്യവംശത്തില്‍ അമിതാഭ് ബച്ചന്റെ നായികയായി പ്രത്യക്ഷപ്പെട്ട സൗന്ദര്യ ബോളിവുഡിലും ശ്രദ്ധ നേടി. എന്നാൽ അവിടെ തിളങ്ങാൻ സാധിച്ചില്ല.
മലയാളത്തിലും ചുരുക്കം സിനിമകളിലൂടെ സൗന്ദര്യ തന്റേതായ സ്ഥാനം എക്കാലത്തേക്കും വേണ്ടി ഉറപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലേക്ക് ആയിരുന്നു മലയാളത്തില്‍ സൗന്ദര്യയെ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ഡേറ്റ് ക്ലാഷ് ആയതിനാല്‍ അഭിനയിച്ചില്ല. പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ വേഷമിട്ടു. അതിന് ശേഷം മോഹന്‍ലാലിനൊപ്പം കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയിലെത്തി. മണിച്ചിത്രത്താഴിന്റെ കന്നഡ പതിപ്പായ ആപ്തമിത്രയാണ് സൗന്ദര്യ ഒടുവില്‍ വേഷമിട്ട സിനിമ.
2003 ഏപ്രിൽ 27 നാണ് ബാല്യകാല സുഹൃത്തായ രഘുവിനെ നടി വിവാഹം ചെയ്യുന്നത്. ആദ്യ വിവാഹവാർഷികം ആഘോഷിക്കാനൊരുങ്ങവേയാണ് നടിയുടെ അപ്രതീക്ഷിത വേർപാട്. സംഭവദിവസം രാവിലെ 11.10 ഓടെയായിരുന്നു ആ ദുരന്തം സംഭവിച്ചത്. നടിയും സഹോദരനും സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് തല്‍ക്ഷണം സൗന്ദര്യ ഓര്‍മ്മയായി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സംഭവം. ബെംഗളൂരുവിനടുത്ത് ജക്കൂരിലായിരുന്നു അപകടം. നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍, ജക്കൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു.
സംഭവത്തില്‍ സൗന്ദര്യയുള്‍പ്പെടെ നാല് പേരാണ് മരിച്ചത്. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്‌കാദം എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. ഈ സമയം സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സൗന്ദര്യയുടെ ശരീരഭാഗങ്ങള്‍ പോലും പൂര്‍ണമായി കുടുംബത്തിന് ലഭിച്ചിരുന്നില്ല.
അപകടശേഷം അത് സംബന്ധിച്ച ചോദ്യങ്ങളും വിവാദങ്ങളും ഉടലെടുത്തു. പരിശീലനങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന എയര്‍സ്ട്രിപ്പില്‍ നിന്ന് അന്നു വരെ ഒരു യാത്രാ വിമാനവും ടേക്ക് ഓഫ് ചെയ്തിരുന്നില്ല. ഇവിടെ വിമാനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ ആവശ്യമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഇങ്ങനൊരു സ്ഥലത്ത് നിന്ന് എങ്ങനെ വിമാനത്തിന് പറക്കാന്‍ അനുമതി ലഭിച്ചുവെന്ന് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. ഇതൊരു ഗുരുതര വീഴ്ചയാണെന്ന് കാണിച്ച് ഡല്‍ഹിയില്‍ നിന്നെത്തിയ സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴ ചുനക്കര സ്വദേശി ജോയ് ഫിലിപ്പ് ആയിരുന്നു വിമാനം പരത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ മരണവും ആ സമയം തലക്കെട്ടായിരുന്നു. അപകടം ഒരു അട്ടിമറിയായിരുന്നുവെന്നും കാലപ്പഴക്കം കാരണം വിമാനം, പറക്കലിന് യോഗ്യമായിരുന്നില്ല എന്നുള്ള ഗുരുതരമായ ആരോപണങ്ങളാണ് അച്ഛന്‍ ഉമ്മന്‍ ജോയ് ഉന്നയിച്ചത്. നാല് മാസമായി വിമാനം പറത്തുന്ന മകന്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ പണിമുടക്ക് നടത്താന്‍ ഇരിക്കുകയായിരുന്നു. അതുകൊണ്ട് മകനെ ഇല്ലാതാക്കാന്‍ വിമാനക്കമ്പനി നടത്തിയ അട്ടിമറിയായിരുന്നു അപകടമെന്നും ജോയ് കോടതിയില്‍ ആരോപിച്ചു.
ദുരന്തം നടന്നതിന് ശേഷം സൗന്ദര്യയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തിനായി നടിയുടെ ബന്ധുക്കള്‍ ചേരി തിരിഞ്ഞ് വഴക്കിട്ടിരുന്നു. സഹോദരന്‍ അമര്‍നാഥിന്റെ ഭാര്യ നിര്‍മലയും മകന്‍ സ്വാതിക്കും സ്വത്തില്‍ അവകാശ വാദം ഉന്നയിച്ചു. സൗന്ദര്യ വില്‍പത്രം എഴുതിയിരുന്നെന്ന് വാദിച്ച ഇവര്‍ സ്വത്തിലെ വലിയൊരു ഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭര്‍ത്താവ് രഘുവും ഈ വാദം എതിര്‍ത്തു. 31 വയസില്‍ സൗന്ദര്യക്ക് വില്‍പത്ര എഴുതേണ്ട ആവശ്യമില്ലെന്ന് ഇവര്‍ വാദിച്ചു. പിന്നീട് കേസ് പിന്‍വലിച്ചെന്നും കുടുംബം മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നുമാണ് പുറത്ത് വന്ന വിവരം.
വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന വാദവുമായി ചിട്ടിമല്ലു എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് നടൻ മോഹന്‍ ബാബു തനിക്ക് വിൽക്കാമോ എന്ന് ചോദിച്ചിരുന്നു. കോടികൾ ഓഫർ ചെയ്‌തെങ്കിലും സൗന്ദര്യവും സഹോദരനും ഇതിന് തയ്യാറായില്ല. ഇതോടെ രണ്ട് പേരെയും ഇല്ലാതാക്കിയാൽ ഭൂമി തനിക്ക് സ്വന്തമാക്കാമെന്ന് മോഹൻ ബാബു പദ്ധതി ഇട്ടുവെന്നാണ് ആരോപണമുയർത്തിയ ആൾ പറയുന്നത്. സൗന്ദര്യയുടെ മരണശേഷം മോഹന്‍ ബാബു ഈ ഭൂമി ബലമായി എഴുതി വാങ്ങി എന്നും ആരോപിക്കുന്നു. വിഷയത്തിൽ മോഹൻ ബാബു ഇതുവരെ പ്രതികരിച്ചിട്ടില്ല.