ഞാന്‍ മേരിക്കുട്ടി ഒരു നല്ല സിനിമയാണ്. ജയസൂര്യയുടെ ഏറ്റവും മികച്ച പ്രകടനം സാധ്യമായ സിനിമ. രഞ്ജിത് ശങ്കറിന്‍റെ ഒന്നാന്തരം തിരക്കഥയും സംവിധാനവും. റിലീസ് ദിവസം തന്നെ നല്ല അഭിപ്രായവും കളക്ഷനും നേടിയ സിനിമ. പക്ഷേ പ്രദര്‍ശനത്തിനെത്തിയ സമയം അത്ര നന്നല്ല എന്നുവേണം കരുതാന്‍.
ഞാന്‍ മേരിക്കുട്ടി റിലീസായി രണ്ടാം ദിവസം അവന്‍ എത്തി - ഡെറിക് ഏബ്രഹാം. മമ്മൂട്ടി നായകനായ ‘അബ്രഹാമിന്‍റെ സന്തതികള്‍’ കേരളത്തിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്. ഒപ്പം പ്രദര്‍ശിപ്പിക്കുന്ന മറ്റ് സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് മമ്മൂട്ടിച്ചിത്രം കുതിക്കുന്നത്. സ്വാഭാവികമായും ഞാന്‍ മേരിക്കുട്ടിയും അബ്രഹാം എന്ന കൊടുങ്കാറ്റില്‍ ആടിയുലയുന്നു.
അബ്രഹാമിന്‍റെ സന്തതികള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഓരോ ഷോയ്ക്കും ആയിരങ്ങളാണ് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്നത്. ഒരു ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അടുത്ത ഷോയ്ക്കായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതും സ്ഥിരം കാഴ്ചയായിരിക്കുന്നു. കൂടുതല്‍ സെന്‍ററുകളിലേക്ക് അബ്രഹാമിന്‍റെ സന്തതികള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മലയാളക്കരയില്‍ ഇനി കുറച്ചുകാലത്തേക്ക് അബ്രഹാമിന്‍റെ സന്തതികള്‍ ഭരണമുറപ്പിക്കുകയാണ്.
മമ്മൂട്ടി തോക്കെടുത്ത സിനിമളൊക്കെ വിജയിച്ച ചരിത്രമാണുള്ളത്. ഇപ്പോഴും അതില്‍ മാറ്റമില്ല. ഹനീഫ് അദേനിയുടെ തകര്‍പ്പന്‍ തിരക്കഥയും ഷാജി പാടൂരിന്‍റെ കിടിലന്‍ മേക്കിംഗും സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റാക്കി അബ്രഹാമിന്‍റെ സന്തതികളെ മാറ്റുന്നു.