നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടി ഹര്‍ജി നല്‍കിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയില്‍ അതിജീവിത പറയുന്നത്. വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
അതേസമയം കേസില്‍ അതിജീവിത കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു അതിജീവിത കത്തയച്ചത്. കോടതിയില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിതം പറഞ്ഞു.