മോഹിനിയുടെ ജനനം ബ്രാഹ്‌മണ കുടുംബത്തില്‍, 27-ാം വയസ് വരെ ഹിന്ദു; പിന്നീട് ക്രിസ്ത്യാനിയായി ! മലയാളത്തിന്റെ പ്രിയനടിയുടെ ജീവിതം
ബ്രാഹ്‌മണ കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് മോഹിനി പറയുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കേറിയ നടിയായിരുന്നു മോഹിനി. 14-ാം വയസ്സിലാണ് മോഹിനി സിനിമയിലെത്തുന്നത്. വിവാഹ ശേഷം മോഹിനി യുഎസില്‍ സ്ഥിര താമസമാക്കി. സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയും ചെയ്തു. ഹൈന്ദവ കുടുംബത്തില്‍ ജനിച്ച മോഹിനി 2006 ല്‍ ക്രിസ്തുമതം സ്വീകരിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. താരത്തിനൊപ്പം കുടുംബവും മതം മാറി. തന്റെ മതം മാറ്റത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിട്ടുണ്ട്.
ബ്രാഹ്‌മണ കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് മോഹിനി പറയുന്നു. മഹാലക്ഷ്മി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. 27-ാം വയസ് വരെ ഹിന്ദുവായിരുന്നു. വിവാഹം കഴിച്ച ഭരത്തും ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ള ആളാണെന്ന് രോഹിണി പറഞ്ഞു.
'ഞങ്ങള്‍ തഞ്ചാവൂര്‍ ബ്രാഹ്‌മണരാണ്. ഭരത്ത് പാലക്കാട് ബ്രാഹ്‌മണരും. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. രോഗവും വന്നു. ഞാന്‍ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊന്നും ഞാന്‍ പ്രാര്‍ത്ഥിച്ചിച്ചിട്ടും പൂജകള്‍ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഞാന്‍ ചെയ്യുന്ന പൂജകള്‍ക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല? ആ ചോദ്യങ്ങള്‍ക്കൊന്നും ആ മതത്തില്‍ ഉത്തരം കിട്ടിയില്ല. എന്നെ ആരും നിര്‍ബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാന്‍ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടിയായതും വെളിച്ചം കാണിച്ചു തന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്,' മോഹിനി പറഞ്ഞു. ബൈബിളും സഭകളെ കുറിച്ചുമെല്ലാം താന്‍ പഠിച്ചെന്നും അതിനുശേഷമാണ് മതം മാറിയതെന്നും മോഹിനി പറഞ്ഞു.
'ഒരോ ദൈവത്തിനും ഓരോ മണ്ഡലം ആയിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. എനിക്ക് സഹായം വേണമായിരുന്നു. അതിനൊന്നും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്. ജീവിതമാകെ മാറി. ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞവര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തി. ആര്‍ത്തറൈറ്റൈസ് മാറി, സ്‌പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാല്‍ ഇന്ന് രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് നമ്മള്‍ ചെയ്യുന്നത് തെറ്റാണ്. നമുക്ക് നല്ലൊരു മകളുണ്ട്. നമ്മള്‍ പിരിയാന്‍ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിച്ചു, ഇങ്ങനെ ജീവിതം മുഴുവന്‍ മാറി,' മോഹിനി പറഞ്ഞു.