നടി പാർവതി നായരുടെ നിശ്ചയം കഴിഞ്ഞു. നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. തന്റെ പ്രണയത്തെ ജീവിതത്തിൽ സ്വന്തമാക്കാൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് താനെന്ന് പാർവതി വ്യക്തമാക്കി.
'എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വെച്ച് ആണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃശ്ചികമായൊരു കണ്ടുമുട്ടൽ. ആ ദിവസം ഞങ്ങൾ മുൻപരിച്ചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു. തമിഴ് തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം നടക്കുക,' പാർവതി പറഞ്ഞു. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങൾ ഡേറ്റിംഗ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
മോഡലിങ്ങിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങൾ ചെയ്തു. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.