നടി റിയ കുമാരിയുടെ മരണം; ഭര്‍ത്താവിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്, അടിമുടി ദുരൂഹത
പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണ് പ്രകാശ് കുമാറിന്റെ മൊഴി
കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ നിന്നു ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ജാര്‍ഖണ്ഡ് ചലച്ചിത്രതാരം റിയ കുമാരി (ഇഷാ അല്‍യ) മരിച്ച സംഭവത്തില്‍ ദുരൂഹത. റിയയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ പ്രകാശ് കുമാര്‍ പറഞ്ഞ കാര്യങ്ങളെ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നില്ല. റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് തങ്ങള്‍ക്ക് നേരെ കവര്‍ച്ചാസംഘത്തിന്റെ ആക്രമണമുണ്ടായതെന്ന് പ്രകാശ് കുമാര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളില്‍ പൊലീസിനു ചില പൊരുത്തക്കേടുകള്‍ തോന്നുന്നുണ്ട്.
ഭര്‍ത്താവ് പ്രകാശ് കുമാര്‍, മൂന്ന് വയസ്സുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്നലെ രാവിലെ ആറിനു ഹൗറ ജില്ലയില്‍ ദേശീയപാതയിലായിരുന്നു സംഭവം. മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി പ്രകാശ് കുമാര്‍ പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കൊള്ളസംഘത്തിന്റെ കൈയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ഇടപെടുന്നതിനിടെ റിയ കുമാരിക്ക് വെടിയേറ്റെന്നാണ് പ്രകാശ് കുമാര്‍ പൊലീസിനോട് പറഞ്ഞത്.
പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണ് പ്രകാശ് കുമാറിന്റെ മൊഴി. എന്നാല്‍ കാര്‍ നിര്‍ത്തിയെന്ന് പറയുന്ന സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചാസംഘം കാത്തുനിന്നു എന്ന പ്രകാശിന്റെ മൊഴിയിലും ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.