വളരെ അപ്രതീക്ഷിതമായാണ് കജോളിന്റെ ജീവിതത്തിലേക്ക് അജയ് ദേവ്ഗണ്‍ കടന്നുവരുന്നത്. ഇരുവരുടെയും സൗഹൃദവും പ്രണയവും കുടുംബജീവിതവുമെല്ലാം സിനിമ പോലെ സംഭവബഹുലമായിരുന്നു. അജയ് ദേവ്ഗണുമായുള്ള ദാമ്പത്യബന്ധം വേര്‍പ്പെടുത്താന്‍ പോലും കജോള്‍ ഒരു സമയത്ത് ആലോചിച്ചിട്ടുണ്ട്.
1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചുല്‍ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് കജോളും അജയ് ദേവ്ഗണും ആദ്യമായി കണ്ടുമുട്ടുന്നത്. വളരെ അപ്രതീക്ഷിതമായാണ് കജോള്‍ ഈ സിനിമയിലേക്ക് എത്തുന്നത്. നടി ദിവ്യ ഭാരതിയുടെ മരണമാണ് കജോളിന് ഹുല്‍ചുല്‍ എന്ന സിനിമയിലേക്ക് വഴി തുറന്നത്. അജയ് ദേവ്ഗണിനെ കണ്ടപ്പോള്‍ തന്നെ വളരെ മോശം അനുഭവമാണ് കജോളിനുണ്ടായത്.
സിനിമയുടെ സെറ്റിലെത്തുന്ന അജയ് എപ്പോഴും ഒരു മൂലയില്‍ ഒറ്റക്കിരുന്ന് സിഗരറ്റ് വലിക്കുന്നത് കാണാം. ഈ കാഴ്ച കജോളിനെ അലോസരപ്പെടുത്തി. ആദ്യ കാഴ്ചയില്‍ തന്നെ അജയ് ദേവ്ഗണിനോട് കജോളിന് ദേഷ്യമാണ് തോന്നിയത്. എപ്പോഴും സിഗരറ്റ് വലിക്കുന്ന അജയ് ദേവ്ഗണിനോട് തനിക്ക് യാതൊരു താല്‍പര്യവും തോന്നിയിരുന്നില്ല എന്ന് പില്‍ക്കാലത്ത് കജോള്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മാത്രമല്ല അജയ് ഒരു അന്തര്‍മുഖനായിരുന്നു. അധികം ആരുമായും സൗഹൃദമൊന്നും ഇല്ലാത്ത വ്യക്തി. കജോളിന്റെ സ്വഭാവം നേരെ തിരിച്ചും. എപ്പോഴും ഉല്ലസിക്കുകയും എല്ലാവരുമായും കൂട്ടുകൂടുകയും ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു കജോള്‍. അതുകൊണ്ട് തന്നെ ഇന്‍ട്രോവെര്‍ട്ടായ അജയ് ദേവ്ഗണിനോട് കജോളിന് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു.
ഹല്‍ചുലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ഇരുവരും സുഹൃത്തുക്കളായി. ഒന്നിച്ചുള്ള സീനുകള്‍ ഇരുവരും ആസ്വദിക്കാന്‍ തുടങ്ങി. ഷൂട്ടിങ് അവസാന ദിവസം ആകുമ്പോഴേക്കും സൗഹൃദം ദൃഢമായി. മാത്രമല്ല, അജയ് ദേവ്ഗണില്‍ നിന്ന് കജോള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാനും തുടങ്ങി. ഇരുവരും ഡേറ്റിങ്ങിലായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തിപ്പെടുകയും പരസ്പരം പിരിയാന്‍ കഴിയാത്ത വിധം ആകുകയും ചെയ്തിരുന്നു.
1998 ല്‍ കുച്ച് കുച്ച് ഹോത്താ ഹേ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ കജോളിന് ഒരു അപകടം സംഭവിച്ചു. താരത്തിന് അംനേഷ്യ പിടിപ്പെട്ടു. പഴയ കാര്യങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. സിനിമയുടെ സംവിധായകന്‍ കരണ്‍ ജോഹറും നായകന്‍ ഷാരൂഖ് ഖാനും അന്ന് കജോളിന്റെ അടുത്ത് നിന്ന് അജയ് ദേവ്ഗണിനെ വിളിച്ചു. ഫോണ്‍ കജോളിന് നല്‍കി. അജയ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കജോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ തുടങ്ങി. അജയ് ദേവ്ഗണിന്റെ ശബ്ദം പോലും കജോളിനെ പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചു. തൊട്ടടുത്ത വര്‍ഷം ഇരുവരും വിവാഹിതരായി.
സിനിമാകഥ പോലെയുള്ള പ്രണയമായിരുന്നെങ്കിലും വിവാഹശേഷം ഈ ബന്ധത്തില്‍ വലിയൊരു കരിനിഴല്‍ വീണു. വിവാഹമോചനത്തിന്റെ വക്കോളം കാര്യങ്ങള്‍ എത്തി.
വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായി. കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇക്കാര്യം പിന്നീട് കജോള്‍ അറിഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോള്‍ ക്ഷുഭിതയായി. കജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കജോള്‍ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചു.
കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞു.