അജയന്റെ രണ്ടാം മോഷണം വ്യാജ പ്രിന്റ് കണ്ടോ? പൊലീസ് വീട്ടിലെത്തും ! അന്വേഷണം ആരംഭിച്ചു
സംവിധായകന്‍ ജിതിന്‍ ലാല്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും
ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് കാണുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈബര്‍ പൊലീസ്. വ്യാജ പ്രിന്റ് പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാവ് നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ പതിപ്പ് കാണുന്നവരെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സംവിധായകന്‍ ജിതിന്‍ ലാല്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. വ്യാജ പ്രിന്റിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വ്യാജ പ്രിന്റ് പ്രചരിക്കുന്ന വിവരം തെളിവുസഹിതം പുറത്തുവിട്ടത് സംവിധായകന്‍ ജിതിന്‍ ലാലും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമാണ്.
വീട്ടിലിരുന്ന് ടിവിയില്‍ വ്യാജ പ്രിന്റ് കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലിസ്റ്റിന്‍ പുറത്തുവിട്ടത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മാതാവ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ട്രെയിനിലിരുന്ന് ഒരാള്‍ മൊബൈലില്‍ സിനിമ കാണുന്ന വീഡിയോയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകന്‍ ഇതിനൊപ്പം കുറിച്ചിരുന്നു. പൈറസി സിനിമ വ്യവസായത്തെ നശിപ്പിക്കുന്നതാണെന്ന് നടന്‍ ടൊവിനോ തോമസും പ്രതികരിച്ചു.