Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഗദീഷിന്റേയും പൃഥ്വിരാജിന്റേയും അഭിപ്രായ പ്രകടനങ്ങളില്‍ മോഹന്‍ലാല്‍ അടക്കമുള്ള ഔദ്യോഗിക പക്ഷത്തിനു അനിഷ്ടം; താരസംഘടനയില്‍ പിളര്‍പ്പ് !

സംഘടനയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ഇരുവരും ചെയ്തതെന്നാണ് ചിലരുടെ അഭിപ്രായം

Prithviraj, Mohanlal, Jagadeesh

രേണുക വേണു

, ബുധന്‍, 28 ഓഗസ്റ്റ് 2024 (09:55 IST)
Prithviraj, Mohanlal, Jagadeesh

താരസംഘടനയായ 'അമ്മ'യില്‍ പിളര്‍പ്പ്. പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭാരവാഹികളും രാജിവെച്ച് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെയാണ് സംഘടനയില്‍ പിളര്‍പ്പ് രൂക്ഷമായിരിക്കുന്നത്. എക്‌സിക്യൂട്ടിവിലെ അംഗങ്ങള്‍ തന്നെ രണ്ട് ചേരിയായി തിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന ഔദ്യോഗിക പക്ഷത്തിനാണ് കൂടുതല്‍ പിന്തുണയെങ്കിലും സംഘടനയില്‍ തലമുറ മാറ്റത്തിനുള്ള സാധ്യതകളാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. 
 
കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പോലും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഭാരവാഹികളും രാജിവെച്ച് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടണമെന്ന് മമ്മൂട്ടിയാണ് നിര്‍ദേശം നല്‍കിയത്. മോഹന്‍ലാല്‍ മാത്രമായി രാജിവയ്ക്കുന്നത് ശരിയല്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇതേ തുടര്‍ന്നാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടതായി 'അമ്മ' നേതൃത്വം അറിയിച്ചത്. എന്നാല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ അഞ്ച് പേര്‍ ഇതിനോടു വിയോജിച്ചു. എല്ലാവരും രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ടൊവിനോ തോമസ്, വിനു മോഹന്‍, സരയു, അനന്യ എന്നിവരുടെ നിലപാട്. മുതിര്‍ന്ന നടനും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ജഗദീഷും ഇതിനെ പിന്തുണച്ചു. ഒടുവില്‍ മുതിര്‍ന്ന താരങ്ങള്‍ നിലവിലെ സ്ഥിതി വിശദീകരിച്ച ശേഷമാണ് ഈ നാല് പേര്‍ പൂര്‍ണ മനസ്സോടെ അല്ലെങ്കിലും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. 
 
ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് സംഘടനയിലെ ഒരു വിഭാഗം വനിതകള്‍ക്ക് അഭിപ്രായമുണ്ട്. മാത്രമല്ല സംഘടനയില്‍ തലമുറമാറ്റം വരണമെന്നും പുതിയ ഭരണസമിതി വരുന്നതാണ് നല്ലതെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. അതോടൊപ്പം മോഹന്‍ലാല്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ 'അമ്മ' സംഘടനയ്ക്കു പൂര്‍ണത ഉണ്ടാകില്ലെന്നും വിശ്വസിക്കുന്ന വേറൊരു വിഭാഗവും സംഘടനയ്ക്കുള്ളില്‍ ഉണ്ട്. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷും പൃഥ്വിരാജും നടത്തിയ പ്രതികരണങ്ങളില്‍ മോഹന്‍ലാല്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ഇരുവരും ചെയ്തതെന്നാണ് ചിലരുടെ അഭിപ്രായം. എക്‌സിക്യൂട്ടിവില്‍ നിന്നുകൊണ്ട് തന്നെ സംഘടനയെ ഒറ്റിക്കൊടുക്കുന്ന രീതിയിലാണ് ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചതെന്നും വിമര്‍ശനമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാള്‍ പിന്മാറി, പിന്നീട് നല്ല ആലോചനകള്‍ വന്നിട്ടില്ല; വിവാഹത്തെ കുറിച്ച് നടി ലക്ഷ്മിയുടെ വാക്കുകള്‍