വെള്ളിയാഴ്ച മുതല്‍ എം.ജി.റോഡ് സ്തംഭിച്ചു; റോഷാക്ക് തിരക്ക് കാരണമെന്ന് ആന്റോ ജോസഫ്
നല്ല സിനിമകള്‍ വന്നാല്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തും എന്നതിന്റെ തെളിവാണ് റോഷാക്കിന്റെ വിജയമെന്നും ആന്റോ ജോസഫ് പറഞ്ഞു
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷന്‍ 9.75 കോടി രൂപയെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. നല്ല സിനിമകള്‍ വന്നാല്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തും എന്നതിന്റെ തെളിവാണ് റോഷാക്കിന്റെ വിജയമെന്നും ആന്റോ ജോസഫ് പറഞ്ഞു.
ആന്റോ ജോസഫിന്റെ വാക്കുകള്‍
എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മില്‍ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയില്‍ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തീയറ്ററുകള്‍ ഒന്നിലധികമുണ്ട് എം.ജി.റോഡിന്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിന്റെ കാരണവും.
എം.ജി.റോഡിനെ പ്രതീകമായെടുത്താല്‍ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആള്‍ സാന്നിധ്യം കൊണ്ട് ഉണര്‍ത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനില്‍ക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുള്‍ ബോര്‍ഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികള്‍ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കൂടാരമൊരുക്കുന്ന കാഴ്ച.
മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷന്‍ 9.75 കോടിയാണ്. നല്ല സിനിമകള്‍ ഉണ്ടായാല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മള്‍ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിര്‍മിക്കാന്‍ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉള്‍ക്കാഴ്ചയ്ക്ക്..സര്‍വ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്...
ഒരു ഇമയനക്കലില്‍, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയില്‍, എന്തിന്.. പല്ലിടകള്‍ക്കിടയില്‍ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടന്‍. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോള്‍ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കല്‍ക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..