നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അർച്ചന കവി. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം ഈ വർഷം ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അർച്ചന അഭിനയത്തിലേക്ക് തിരികെ വന്നത്. ആദ്യവിവാഹം പരാജയപ്പെട്ടിരുന്നു. വിവാഹമോചനത്തെ കുറിച്ചും പിന്നീട് ഉണ്ടായ ക്ലിനിക്കൽ ഡിപ്രഷനെ കുറിച്ചുമെല്ലാം മടി കൂടാതെ അർച്ചന പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അർച്ചന കവി വീണ്ടും വിവാഹിതയായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചന നൽകുന്ന പോസ്റ്റും നടി പങ്കുവെച്ചിട്ടുണ്ട്. ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. എല്ലാവർക്കും ഇങ്ങനൊരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നായിരുന്നു അർച്ചനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
പിന്നാലെ, സെലിബ്രിറ്റി ആങ്കർ ധന്യ വർമയും അർച്ചനയ്ക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും വിവാഹ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. അർദ്ധരാത്രിയോടെയാണ് ധന്യ വർമ അർച്ചന കവിയുമായുള്ള ഒരു പുതിയ അഭിമുഖത്തിന്റെ ഗ്ലിംപ്സ് പോസ്റ്റ് ചെയ്തത്. അതിൽ അർച്ചന തന്റെ പ്രതിശ്രുത വരൻ റിക്ക് വർഗീസാണെന്നും അതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. പിന്നാലെ അത് ധന്യ പിൻവലിച്ചു.