തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ നിത്യ മേനോനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ, ഈ കഥാപാത്രത്തിന് അവാർഡ് നൽകിയതിനെതിരെ സായ് പല്ലവിയുടെ ആരാധകർ രംഗത്ത് വന്നിരുന്നു. നിത്യ അവാർഡിന് അർഹയല്ല എന്നായിരുന്നു ഇവരുടെ ഭാഷ്യം. ഗാർഗി എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ അഭിനയം മികച്ചതായിരുന്നുവെന്നും അവാർഡ് ജൂറി സായ് പല്ലവിയെ തഴഞ്ഞാണ് നിത്യ മേനോന് അവാർഡ് നൽകിയതെന്നുമായിരുന്നു നടിയുടെ ആരാധകരുടെ കണ്ടെത്തൽ.
ആരാധകരുടെ ഈ താരതമ്യം ചെയ്യലിനെ കുറിച്ച് അടുത്തിടെ നിത്യ മേനോൻ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സായ് പല്ലവിയുടെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പ്രതികരണം. കരഞ്ഞ് നിലവിളിച്ച് അഭിനയിക്കാൻ ആർക്കും പറ്റുമെന്നും സ്വാഭാവികമായ അഭിനയമാണ് പ്രയാസമെന്നുമായിരുന്നു നടി പറഞ്ഞത്. ഇതോടെ, നിത്യ മേനോൻ ഉദ്ദേശിച്ചത് സായ് പല്ലവിയെ ആണെന്നും നിത്യയും പല്ലവിയും ശത്രുക്കളാണെന്നും പ്രചാരണമുണ്ടായി.
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആളാണ് രണ്ടുപേരും. ഇവർക്കിടയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തൽ. എന്നാൽ, സായ് പല്ലവിക്ക് നിത്യയോടൊ നിത്യയ്ക്ക് പല്ലവിയോടോ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, നിത്യ ഉദ്ദേശിച്ചത് അന്ധമായ ആരാധന വെച്ചുപുലർത്തുന്ന ചില ഫാൻസിനെ ആണെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാട്ടുന്നത്.
'തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണെന്നാണ് നിത്യയുടെ അഭിപ്രായം. ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല. എപ്പോഴും അഭിപ്രായങ്ങൾ വരും. കരിയറിൽ ഞാനെപ്പോഴും ലൈറ്റായ സിനിമകൾ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ ഞാൻ പോയിട്ടില്ല. എനിക്ക് സന്തോഷകരമായ സിനിമകൾ കൊണ്ട് വരാനാണ് ആഗ്രഹം. ആളുകൾ ചിരിക്കണം. സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകൾ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല.
തിരുച്ചിത്രമ്പലം ലൈറ്റ് സിനിമയാണെങ്കിലും നല്ല പെർഫോമൻസാണ്. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ലെന്നല്ല. ഹെവി പെർഫോമൻസ് എനിക്കും പറ്റും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകൾ ചെയ്യാനാണാഗ്രഹം. ആർക്കും ഡ്രാമ ചെയ്യാം. സ്വാഭാവികമായ അഭിനയമാണ് കഠിനം', നിത്യ മേനോൻ പറഞ്ഞു.