തമിഴകത്തിന്റെ റാണിയായിരുന്നു അസിൻ. വിജയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയും അസിൻ തന്നെയായിരുന്നു. ബോളിവുഡിലേക്ക് ചേക്കേറിയ ശേഷം അസിൻ പിന്നീട് തമിഴകത്തെ സ്ഥിരസാന്നിധ്യമായിരുന്നില്ല. 2016 ൽ വിവാഹിതയായ ശേഷം സിനിമാ രംഗത്ത് നിന്ന് പൂർണമായും മാറി നിൽക്കുകയാണ് അസിൻ. പോക്കിരി, ഗജിനി, ദശാവതാരം തുടങ്ങിയ തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറിയ താരം. അസിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു.
അസിന്റെ പിതാവിന്റെ താൽപര്യ പ്രകാരമാണ് നടി വിവാഹ ശേഷം കരിയർ വിട്ടതെന്ന് ബാലാജി പ്രഭു പറയുന്നു. സിനിമ ഇഷ്ടപ്പെട്ടാണ് അസിൻ കരിയറിലേക്ക് വന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് അസിന്റെ പിതാവ് തീരുമാനിക്കുകയായിരുന്നു. മകൾക്ക് നല്ലൊരു ജീവിതം ലഭിക്കുന്നു, ആ ജീവിതവുമായി മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം കരുതി. എത്ര വലിയ നടിയായാലും ഒരു ഘട്ടം കഴിഞ്ഞാൽ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നെന്നും ബാലാജി പ്രഭു പറയുന്നു.
സില്ലിനൊരു കാതൽ എന്ന സിനിമയിൽ അസിൻ നായികയായാൽ നന്നാകുമെന്ന് സൂര്യക്ക് തോന്നി. സംവിധായകനോട് സംസാരിച്ചു. അസിന്റെ പിതാവിനോട് സംസാരിച്ചപ്പോൾ ജ്യോതികയാണ് ഈ സിനിമയിലെ നായികയെന്ന് അവർ കരുതി. തുല്യ പ്രാധാന്യമുള്ള റോളാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ജ്യോതികയുടെ റോൾ മകൾക്ക് വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഒന്ന് കൂടി സംസാരിച്ച് നോക്കെന്ന് സൂര്യ പറഞ്ഞു. സംവിധായകൻ വീണ്ടും സമീപിച്ചിട്ടും ഫലമുണ്ടായില്ല എന്നദ്ദേഹം ഓർത്തെടുക്കുന്നു.