ആറ്റുകാൽ ക്ഷേത്രത്തിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് മമ്മൂട്ടി ആയിരുന്നു. എന്നാൽ, അന്ന് വാർത്തകളിൽ ഇടംപിടിച്ചവരിൽ തിരുവനന്തപുരം സ്വദേശി വി ഭാസ്കറും ഉണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, ഭാസ്കറിന്റെ ജ്യൂസ് കടയിൽ മമ്മൂട്ടി സന്ദർശനം നടത്തിയിരുന്നു.
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഭാസ്കറും കൂട്ടുകാരൻ അശോകനും ചേർന്നാണ് തിരുവനന്തപുരത്ത് ആദ്യം മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടോളമായി മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സജീവ പ്രവർത്തകനും ഇപ്പോൾ രക്ഷാധികാരിയുമാണ് ഭാസ്കർ.
കട തുടങ്ങുന്ന സമയത്ത് താൻ മമ്മൂക്കയെ വീട്ടില്‍ പോയി ക്ഷണിച്ചിരുന്നുവെന്നും അന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ലെന്നും ഭാസ്‌ക്കർ പറഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞത്’തിരുവനന്തപുരത്ത് വരുമ്പോള്‍ തീര്‍ച്ചയായും വരാം‘ എന്നായിരുന്നു. ആ വാക്ക് അദ്ദേഹം പലിച്ചതിന്റെ സന്തോഷത്തിലാണ് ഭാസ്കർ.
ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫാൻസ് അസോസിയേഷൻ കൂടുതലായി നടത്തേണ്ടതെന്ന് മമ്മൂക്ക നിഷ്ക്കർഷിക്കാറുണ്ടെന്ന് ഭാസ്‌ക്കർ പറയുന്നു. മറ്റ് സിനിമകളെയോ താരങ്ങളെയോ അധിക്ഷേപിക്കുന്ന വാചകങ്ങൾ ഫ്ളക്സുകളിലോ ബാനറുകളിലോ ഉണ്ടാകാൻ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മമ്മൂക്ക തന്റെ ജ്യൂസ് കട സന്ദർശിച്ചത് ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത് എന്നാണ് ഭാസ്‌ക്കർ പറയുന്നത്.