രാജ്യത്തിന് നാണക്കേടായ ബദ്വാന്‍ സംഭവം പ്രമേയമാകുന്ന 'ആര്‍ട്ടിക്കിള്‍ 15' നെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന സിനിമ ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണ്. റിലീസ് തടയുമെന്നും ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ഥി നേതാവ് കുശാല്‍ തിവാരി വ്യക്തമാക്കി.
സിനിമയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തും. അതിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കും. യാതൊരു ബന്ധവും ഇല്ലാഞ്ഞിട്ടും ബ്രാഹ്‌മണ്‍ സമുദായത്തിലുള്ളവരെ പ്രതികളാക്കി സിനിമയില്‍ കാണിക്കുന്നുണ്ട്. താക്കൂര്‍ സമുദായത്തിന് പദ്മാവത് സിനിമയുടെ റിലീസ് തടയാമെങ്കില്‍ പരശുറാം സേനയ്‌ക്ക് 'ആര്‍ട്ടിക്ക്ള്‍ 15' ന്റെ റിലീസും തടയാമെന്ന് കുശാല്‍ തിവാരി പറഞ്ഞു.
സിനിമയക്കുറിച്ച് സംസാരിക്കാനായി അനുഭവ് സിന്‍ഹയെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആയുഷ്മാന്‍ ഖുരാന നായകനായി എത്തുന്ന സിനിമ ഇന്ത്യയിലെ ജാതി പ്രശ്‌നങ്ങളും കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളുമാണ് പറയുന്നത്. ബദ്വാന്‍ സംഭവമാണ് കഥയെങ്കിലും ജാതീയ പ്രശ്‌നങ്ങള്‍ സിനിമയില്‍ പറയുന്നുണ്ട്. ഇതാണ് ബ്രാഹ്മണ സംഘടനകളെ ചൊടിപ്പിച്ചത്.
മൂന്ന് രൂപ കൂലി കൂട്ടി ചോദിച്ചതിന് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്‌ത് കെട്ടിത്തുക്കിയ സംഭവമാണ് ബദ്വാന്‍. ജൂണ്‍ 28നാണ് സിനിമ റിലീസ് ചെയ്യുന്നത്.