തുണിയുടെ മറവിലൂടെ ആരും എത്തിനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, ഹേമ കമ്മിറ്റി വെറുതെയാണ്: നടി ദേവി അജിത്ത്
ശാരീരിക ബന്ധം എന്നു പറയുന്നത് സിനിമയില്‍ മാത്രമല്ല എല്ലാ ആണും പെണ്ണും ഉള്ളിടത്ത് നടക്കുന്നുണ്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടി ദേവി അജിത്ത്. ഹേമ കമ്മിറ്റി ഒരു ഉപകാരവും ഇല്ലാത്തതാണെന്ന് ദേവി അജിത്ത് പറഞ്ഞു. എന്തെങ്കിലും വെളിപ്പെടുത്തണമായിരുന്നെങ്കില്‍ അത് അപ്പോള്‍ ചെയ്യണമായിരുന്നു. അല്ലാതെ കുറേ നാള്‍ കഴിഞ്ഞ ശേഷമല്ല പറയേണ്ടതെന്ന് ജാങ്കോ സ്‌പേസ് ഓണ്‍ലൈന്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
' എനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്തെങ്കിലും വെളിപ്പെടുത്തണമെങ്കില്‍ അപ്പോള്‍ പറയണമായിരുന്നു. ഹേമ കമ്മിറ്റി ഉപകാരമില്ലാത്ത ഒന്നായാണ് എനിക്ക് തോന്നുന്നത്. വളരെ കഷ്ടപ്പാടുള്ള തൊഴില്‍ ആണ് സിനിമ. ഒരു കാട്ടില്‍ പോയി ഷൂട്ട് ചെയ്യുമ്പോള്‍ ബാത്ത്‌റൂം വേണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. കാരവന്‍ ഒന്നും ഇല്ലാത്ത സമയത്ത് ചിലപ്പോള്‍ മരത്തിന്റെ ബാക്കില്‍ പോയി കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഞാനും പല സിനിമകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇവിടെയൊന്നും ആരും തുണി മാറ്റിയിട്ട് അതിനുള്ളിലൂടെ എത്തിനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലെങ്കില്‍ മരത്തിനു പിന്നില്‍ യൂറിന്‍ പാസ് ചെയ്യുകയാണെങ്കില്‍ മറവിലൂടെ നോക്കുന്നതും ഞാന്‍ കണ്ടിട്ടില്ല,' ദേവി അജിത്ത് പറഞ്ഞു.
ശാരീരിക ബന്ധം എന്നു പറയുന്നത് സിനിമയില്‍ മാത്രമല്ല എല്ലാ ആണും പെണ്ണും ഉള്ളിടത്ത് നടക്കുന്നുണ്ട്. എന്റെ മുറിയുടെ വാതിലും പലരും മുട്ടിയിട്ടുണ്ട്. പക്ഷേ എനിക്ക് ആരാണെന്ന് അറിയില്ല. ഞാന്‍ അപ്പോള്‍ അതൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് - നടി കൂട്ടിച്ചേര്‍ത്തു.