“കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?” ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ ആകെ കുഴപ്പിച്ച ഒരു ചോദ്യമായിരുന്നു അത്. ബാഹുബലി 2 റിലീസായതോടെയാണ് ആ ചോദ്യത്തിന് ഉത്തരമായത്. എന്നാല്‍ അതിനേക്കാള്‍ കുഴപ്പിക്കുന്ന ചോദ്യങ്ങളാണ് ഇനി ഉയരാന്‍ പോകുന്നത്.
അത് ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ധ്രുവനക്ഷത്രം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്. ഈ സിനിമ മൂന്ന് ഭാഗങ്ങളുള്ള ഒരു സീരീസായി ചെയ്യാനാണ് സംവിധായകന്‍ ആലോചിക്കുന്നത്. ഓരോ വര്‍ഷവും ഓരോ ചിത്രം റിലീസ് ചെയ്യത്തക്ക രീതിയിലാണ് പ്ലാനിങ്.
ഓരോ ചിത്രത്തിന്‍റെയും അവസാനം ഏവരെയും ആശങ്കപ്പെടുത്തുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു ചോദ്യം ബാക്കി വയ്ക്കും. തൊട്ടടുത്ത ഭാഗത്തിലായിരിക്കും അതിനുള്ള ഉത്തരം ലഭിക്കുക.
രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്ന 10 രഹസ്യ ഏജന്‍റുമാരുടെ കഥയാണ് ധ്രുവനക്ഷത്രം പറയുന്നത്. ജോണ്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ ശക്തനായ വില്ലനായി ആരാണ് അഭിനയിക്കുക എന്നത് സര്‍പ്രൈസായി വച്ചിരിക്കുകയാണ് ഗൌതം മേനോന്‍.
ഐശ്വര്യ രാജേഷ്, റിതു വര്‍മ എന്നിവരാണ് ധ്രുവനക്ഷത്രത്തിലെ നായികമാര്‍. സിമ്രാന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, വിനായകന്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഓസ്ട്രിയ, സ്ലോവേനിയ, ബള്‍ഗേരിയ, തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങി ഏഴ് വ്യത്യസ്തമായ ലൊക്കേഷനിലാണ് ഷൂട്ടിംഗ് നടന്നത്. ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യും.