Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്

Mammootty

രേണുക വേണു

, ബുധന്‍, 23 ഏപ്രില്‍ 2025 (12:50 IST)
മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ള കഥാപാത്രമാണ് ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍. എ.കെ.സാജന്റെ കഥയില്‍ എസ്.എന്‍.സ്വാമിയുടേതാണ് ധ്രുവത്തിന്റെ തിരക്കഥ. മമ്മൂട്ടിക്ക് പുറമേ വന്‍ താരനിരയാണ് ധ്രുവത്തില്‍ അഭിനയിച്ചത്. ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ ധ്രുവത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 
 
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് മോഹന്‍ലാലിനോട് കഥ പറയുമ്പോള്‍ ചിത്രത്തില്‍ ആരാച്ചാര്‍ക്കായിരുന്നു പ്രധാന റോള്‍ എന്നാണ് എ.കെ സാജന്‍ പറയുന്നത്. 1993ലാണ് ധ്രുവം കേരളത്തില്‍ റിലീസ് ചെയ്തത്. 
 
'ധ്രുവത്തിന്റെ കഥ മോഹന്‍ലാലിനോടാണ് ആദ്യം പറഞ്ഞത്. അന്ന് ആ കഥ അദ്ദേഹത്തോട് പറയുമ്പോള്‍ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് വലിയ റോള്‍ ഉണ്ടായിരുന്നില്ല. വളരെ ചെറിയ കഥാപാത്രം മാത്രമായി ഒതുക്കിയിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു. ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും പിന്നീട് ഈ കഥ ആദ്യമായി പറയാന്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്ക് ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മാതാവും ഈ കഥ തിരഞ്ഞെടുക്കാന്‍ തയ്യാറായില്ല,' സാജന്‍ പറഞ്ഞു. 
 
മോഹന്‍ലാലിനോട് കഥ പറഞ്ഞതിനു ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് സാജന്‍ എസ്.എന്‍.സ്വാമിയോട് കഥ പറഞ്ഞത്. അന്ന് ജോഷിക്ക് വേണ്ടി ഒരു ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്വാമി. സാജന്റെ കഥ കേട്ടപ്പോള്‍ സ്വാമിക്ക് ചില അഭിപ്രായങ്ങള്‍ തോന്നി. ഒരു നായകന്‍ മിസ്സിങ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാര്‍ ആക്കാനൊന്നും പറ്റില്ലെന്നും സ്വാമി സാജനോട് പറയുകയായിരുന്നു. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ട് വരണമെന്ന് ജോഷിയും പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തെ താനും സ്വാമിയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ന് കാണുന്നപോലെ ആക്കിമാറ്റിയതെന്നും സാജന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?