Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ അറസ്റ്റു ചെയ്താൽ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരൻ പറയാറുണ്ട്, ഫണ്ട് വരില്ല എന്ന് പറയും: എലിസബത്ത്

എന്നെ അറസ്റ്റു ചെയ്താൽ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരൻ പറയാറുണ്ട്, ഫണ്ട് വരില്ല എന്ന് പറയും: എലിസബത്ത്

നിഹാരിക കെ.എസ്

, വ്യാഴം, 27 ഫെബ്രുവരി 2025 (16:15 IST)
ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ആവർത്തിച്ച് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. താൻ നേരിട്ട് കണ്ട കാര്യങ്ങളാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇത് തന്റെ അവസാന വാക്കുകളായി കാണണമെന്നും എലിസബത്ത് ആവശ്യപ്പെടുന്നു. ബാല വളരെ സ്വാധീനമുള്ള ആളാണ്. ഗുണ്ടകളും പൊലീസുകാരും രാഷ്ട്രീയക്കാരും വരുന്നത് കണ്ടിട്ടുണ്ട്. മോൻസൺ മാവുങ്കൽ കേസിൽ അയാളെ അറസ്റ്റ് ചെയ്യുന്നതിന് ആറ് മാസം മുമ്പ് ഇങ്ങേരെ ഒരു എസ്പി വിവരമറിയിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്താൽ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് ബാല പറയാറുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് എലിസബത്ത് ഉയർത്തിയിരിക്കുന്നത്.
 
എലിസബത്തിന്റെ വാക്കുകൾ:
 
എന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ, അഥവാ ഞാൻ മരിച്ചുപോയാലോ കൊല്ലപ്പെട്ടാലോ ഇതൊക്കെയാകും തെളിവുകളായി അവശേഷിക്കുക. അതുകൊണ്ടാണ് ഇങ്ങനെയുള്ള വിഡിയോ തുടർച്ചയായി ചെയ്യുന്നത്. കുറേ കാര്യങ്ങൾ നേരിട്ടുകണ്ടിട്ടുണ്ട്. ചെകുത്താന്റെ കേസിലൊക്കെ ഞാൻ അറിഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ പറയണം, മരിക്കുന്നതിനു മുമ്പ് എനിക്ക് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എന്റെ ലൈഫിൽ എന്നെ ഏറ്റവും മനസിലാക്കിയ ഒരാളാണ് ഞാൻ ഇഷ്ടപ്പെട്ട ആൾ. ആ ആൾ പക്ഷേ ഉപകാരത്തിനല്ല, എന്നെ ഉപദ്രവിക്കാനാണ് ആ കാര്യങ്ങൾ ഉപയോഗിച്ചത്. എന്നെ മനസിലാക്കാത്ത ആളുകൾ, എനിക്കൊരു സിനിമാതാരത്തെ കെട്ടാനുള്ള യോഗ്യതയില്ല, കാണാൻ ഭംഗിയില്ല എന്നൊക്കെ പറയുന്നു. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എന്നെ ചീത്ത പറയുന്ന കസ്തൂരിയെ വ്യക്തിപരമായി അറിയാം. അതുകൊണ്ടാണ് അവരുടെ നെഗറ്റിവ് കമന്റുകളെക്കുറിച്ച് ചർച്ച ചെയ്യുന്നത്.
 
ഇവർ ഗുണ്ടായിസം വിട്ട് കൂടോത്രം തുടങ്ങിയോ എന്നാണ് എന്റെ സംശയം. 10- 30 ദിവസം മുമ്പ് പിതാവിന് നെഞ്ചുവേദന വന്നു. മൂന്ന് ഹാർട്ട് ബ്ലോക്ക് കണ്ടെത്തി. ഗുരുതരമായിരുന്നു, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു കിടക്കുകയാണ്. കൂടോത്രത്തിന്റെ പരിപാടി ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുപോലെ എനിക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പല തരത്തിൽ ഉപദ്രവിച്ചിട്ടുണ്ട്. പല പൂജകളും നടത്തി, ഇല്ലെങ്കിൽ നിന്നെ ഇറക്കിവിടും എന്ന് പറഞ്ഞിട്ടുള്ള പരിപാടികൾ വേറേയുമുണ്ടായിരുന്നു. നിയമപരമായി ഇതിൽ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല. കേസ് കുറച്ച് കൂടി ശക്തമായിരിക്കണം എന്നാണ് അഭിഭാഷകർ പറഞ്ഞത്. അതിനു തുടർച്ചയായി ഭീഷണികൾ ഉണ്ടാകണമത്രേ. മാത്രമല്ല തെളിവുകളും വേണമെന്ന്. പീഡിപ്പിക്കുന്ന സമയത്ത് ക്യാമറ വച്ച് ഇരിക്കുകയല്ലല്ലോ? അടി കിട്ടുന്ന സമയത്ത് ക്യാമറ ഫോക്കസ് വച്ചിരിക്കുകയല്ലല്ലോ? അങ്ങനെയുള്ള തെളിവുകൾ കയ്യിൽ ഇല്ല. അടി കിട്ടിയപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. പക്ഷേ പരാതി എഴുതി നൽകാൻ പറഞ്ഞപ്പോൾ ഞാൻ ചെയ്തില്ല, അതെന്റെ തെറ്റ്.
 
വളരെ സ്വാധീനമുള്ള ആളാണ്. പണമുണ്ട്, അധികാരമുണ്ട്. ഗുണ്ടകളും പോലീസുകാരും രാഷ്ട്രീയക്കാരും വരുന്നത് കണ്ടിട്ടുണ്ട്. മോൻസൺ മാവുങ്കൽ കേസിൽ അയാളെ അറസ്റ്റുചെയ്യുന്നതിന് ആറുമാസം മുമ്പ് ഇങ്ങേരെ ഒരു എസ്പി ഈ വിവരമറിയിച്ചിരുന്നു. അയാളുമായുള്ള ബന്ധം അവസാനിപ്പിക്കണം, ഇനി എന്നെ വിളിക്കേണ്ട, അവരുമായുള്ള ഇടപാടെല്ലാം നിങ്ങൾ അവസാനിപ്പിക്കണം എന്നൊരു വിവരം ലഭിച്ചതായി ഇയാൾ പറഞ്ഞിരുന്നു. അതൊക്കെ സത്യമാണോ എന്നറിയില്ല, കാരണം സംസാരിക്കുന്നതിൽ 80 ശതമാനം മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളൂ. പൊങ്ങച്ചം പറയുന്നതിൽ പറഞ്ഞതാണോ എന്നറിയില്ല, പക്ഷേ ഞാനത് കേട്ടിട്ടുണ്ട്. നിങ്ങൾക്ക് അത് അന്വേഷിക്കണമെങ്കിൽ അന്വേഷിക്കാം. ആ കേസ് നടക്കുമ്പോൾ എല്ലാ വാർത്താ ചാനലുകളിലും എന്നെ കൊണ്ടുപോയി പിടിച്ചിരുത്തിയിരുന്നു. അത് എന്റെ ഇഷ്ടത്തിന് ഇരുത്തിയതല്ല. ഒരു പെണ്ണ് കൂടെയുണ്ടെങ്കിൽ അധികം ചോദ്യംചെയ്യില്ല എന്ന ഒറ്റക്കാര്യത്തെത്തുടർന്നാണ് എന്നെ അവിടെ കൊണ്ടുപോയി ഇരുത്തിയത്. ഒരു അഭിമുഖത്തിൽ ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു. പക്ഷേ, പുള്ളിക്ക് എന്തോ പറയാൻ കിട്ടാത്ത സമയത്ത്, ‘എലിസബത്ത് കം ഹിയർ’ എന്ന് പറഞ്ഞത് വലിയ ട്രോളായി. അയാൾക്ക് ഉത്തരമില്ലാത്തപ്പോൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ്, അത് മനസിലാവുന്നവർക്ക് മനസിലാവും. അല്ലാത്തവർക്ക് മനസിലാവില്ല.
 
ചില ആളുകൾ ഞാൻ ഇറങ്ങിപ്പോയിട്ടും ഗോൾഡ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങിപ്പോയിട്ടല്ല, ഇറക്കിവിട്ടിട്ടെന്നു പറയണം. വേറെ പല പെണ്ണുങ്ങളേയും വീട്ടിൽവച്ചിട്ട് എലിസബത്ത് ഗോൾഡ് ആണ്, വിധി ഞങ്ങളെ ഒരുമിച്ചാക്കിയില്ല എന്ന് പറയുന്നു. മാനസിക പ്രശ്നമുള്ള ഒരാളുമായി ഇത്രകാലം എങ്ങനെ ഒരുമിച്ച് ജീവിച്ചുവെന്ന ചോദ്യം എന്നോടും ചോദിക്കണം. ഞാൻ ഡിപ്രഷന് മരുന്നെടുക്കുന്നുണ്ടെന്നത് സത്യമാണ്. സൈക്യാട്രിസിനെ കാണുന്നുമുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് എംബിബിഎസ് കഴിഞ്ഞില്ലേ, എംഡിക്ക് പോകുന്നില്ലേ എന്ന് പലരും ചോദിക്കുമ്പോൾ, ‘അവൾ എംബിബിഎസ് ഫൈനൽ ഇയർ തോറ്റു’ എന്നാണ് പറയാറ്. ആദ്യത്തെ തവണ പോകുന്നില്ല, പുള്ളിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എനിക്കൊരു അടിയാണ് കിട്ടിയത്. അപ്പോൾപിന്നെ ഞാനൊന്നും മിണ്ടാറില്ല. ഞാൻ തോറ്റിറ്റുണ്ടോയെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. ഇനി എന്റെ ജോലി പോയാലും വീട്ടിൽവലിയ പ്രശ്‌നമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അത്യാവശ്യം ജീവിക്കാനുള്ളവക എന്റെ വീട്ടിലുണ്ട്.
 
എന്നെ അറസ്റ്റുചെയ്താൽ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരൻ പറയാറുണ്ട്. ഫണ്ട് വരില്ല എന്ന് പറയും. എനിക്കറിയില്ല അയാൾക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന്. അതിന്റെ സത്യമെന്താണെന്ന് എനിക്കറിയില്ല. ഞാൻ ഇറങ്ങിയ ശേഷം ഒരു പെണ്ണിനെ വീട്ടിൽ വിളിച്ചുകയറ്റിയ കേസുണ്ട്. അത് പിന്നീട് പറയാം. അത് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ ഇങ്ങേരുടെ അപ്പന്റെ സ്വത്തെല്ലാം വിറ്റു. അതിൽ 10- 20 കോടി വന്നിട്ടുണ്ടെന്നാണ് കേട്ടത്. ആറുകോടിയിലേറെ വൈറ്റ് മണിയായും ബാക്കി ബ്ലാക് മണിയായുമാണ് വന്നതെന്നാണ് കേട്ടുകേൾവി. അതിൽ ഒരു കോടി ഇങ്ങേരുടെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടുപിടിക്കുന്ന ഒരു ഡോക്ടറുടെ കയ്യിലും കുറച്ചുകാശ് ഇങ്ങേരുടെ ഒരു സുഹൃത്തിന്റെ ഗസ്റ്റ് ഹൗസിലും കൊണ്ടുവച്ചിട്ടുണ്ടെന്നും ഒരു കാറ് എടുത്തു എന്നുമാണ് കേട്ടുകേൾവി.
 
ഇയാളുടെ കാല് മസാജ് ചെയ്യാൻ വന്ന ഒരാളുടെ മുമ്പിൽവെച്ച് പല കാര്യങ്ങൾ ചെയ്യാൻപറഞ്ഞിട്ട് ബലം പ്രയോഗിച്ചു. അന്നാണ് എന്റെ ആത്മഹത്യാശ്രമം നടന്നത്. അത് ആദ്യം ഇങ്ങേരുടെ അമ്മയോട് പറഞ്ഞു. അമ്മയോട് പറഞ്ഞപ്പോൾ ദേഷ്യത്തിൽ ഫോൺ എടുത്ത് മുഖത്തേക്ക് എറിഞ്ഞു. മുഖം വെട്ടിച്ചപ്പോൾ ഫോൺ പിന്നിലെ ഷെൽഫിൽ കൊണ്ട് അതിന്റെ ചില്ല് പൊട്ടി കഷ്ണങ്ങൾ എന്റെ കണ്ണിൽ കൊണ്ടു. ഇതൊക്കെ കേട്ട് ആ അമ്മ പറഞ്ഞത്, ‘അവനൊരു സിനിമാ നടനല്ലേ’ എന്ന്. എന്നിട്ടും നാണിമില്ലാതെ എന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. ആർക്കെങ്കിലും ഷെയ്ക്ക് ഹാൻഡ് കൊടുത്താൽ മുഖത്ത് അടി, അടി കിട്ടിയാൽ അഞ്ചാറ് സെക്കൻഡ് ഗ്രേ കളറാണ് കണ്ണ് തുറന്നാൽ കാണാനാകുക. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു. ‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടു.
 
ഭ്രാന്താണെന്നു പറഞ്ഞ് എന്നെ ഇറക്കിവിട്ടിരുന്നു. അപ്പോൾ ഞാൻ കുന്നംകുളത്ത് ആണ്. രാത്രി മൂന്ന് മണിക്ക് ഇയാളുടെ ഫോൺ കോൾ. ‘ചോര ഛർദിച്ച് കിടക്കുകയാണ്, നീ വന്നില്ലെങ്കിൽ ഞാൻ മരിക്കും, കാത്തിരിക്കും’ എന്നൊക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മനസ്സിലായത്, ഇയാൾ ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു. എങ്ങാനും ചത്തുപോയാൽ തലയിലാകുമെന്നു കരുതി ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല, എന്നിട്ടും ഞാൻ പോയി അയാളെ ശുശ്രൂഷിച്ചു. ഒരു പണിക്കാരിയെയാണ് അയാൾക്കു വേണ്ടിയിരുന്നത്. പണിക്കാരിയുടെ കൂലിയെങ്കിലും തരാമായിരുന്നു, ഭാര്യ ഫ്രീ കോസ്റ്റ് ആണല്ലോ, എന്തു തെണ്ടിത്തരവും ചെയ്യാം, നിയമപരമല്ലെന്നു പറഞ്ഞ് ഇറക്കിവിടാനും പറ്റും. എന്നിട്ട് ചില മാലാഖമാർ സ്വർഗത്തിൽ നിന്നും ഇറങ്ങി വരും.
 
പുതിയ ഭാര്യയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പല ആളുകളും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാനുള്ള സമയത്ത് പുള്ളിക്കാരിയില്ല. ഞാൻ പോയിക്കഴിഞ്ഞ ശേഷം വേറൊരു പെൺകുട്ടിയെ അവിടെ നിർത്തിയിരുന്നു. അവരുമായുള്ള ലീലാവിലാസങ്ങൾ അടുപ്പമുള്ള ചിലർ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് വേറെയൊരു പെണ്ണ് വന്നിരുന്നു. അവരൊക്കെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചപ്പോൾ ഇറക്കിവിട്ടുവെന്നും നിങ്ങളുടെ സ്റ്റാൻഡേർഡ് നിങ്ങൾ അറിയണമെന്നും നിങ്ങൾ ഏത് നിലയിലാണ്, ഞാൻ ഏത് നിലയിലാണെന്ന് അറിയണമെന്നും അവരോട് പറഞ്ഞു എന്നാണ് കേൾക്കുന്നത്. അത് കഴിഞ്ഞുവന്നയാളാണ് ഈ പുതിയ ലേഡി. ഞാൻ മരുന്ന് മാറിക്കൊടുത്തതൊക്കെ അവരെങ്ങനെ കണ്ടു എന്ന് എനിക്ക് മനസിലാവുന്നില്ല. മരുന്ന് തെറ്റിക്കൊടുത്ത കഥയൊക്കെ ഇയാൾ മുമ്പും പറയുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്.
 
 
അത് ഞാൻ ഇയാളുടെ അടുത്ത സുഹൃത്തായ ഒരു നടനോടും ചേച്ചിയോടും പറഞ്ഞു. ‘സത്യാവസ്ഥ ഞങ്ങൾക്ക് അറിയാം, ഇനിയൊരു പെണ്ണും അവന്റെ വീട്ടിൽ കയറില്ല എലിസബത്ത് മാത്രമാണ് ഭാര്യ’ എന്നൊക്കെ പറഞ്ഞുള്ള അവരുടെ മെസേജ് എന്റെ കയ്യിലുണ്ട്. പുള്ളിയുടെ വീട്ടിൽ കയറുന്നതിന് മുമ്പ് എങ്ങനെ എന്നെ ഇറക്കിവിടണമെന്ന് പദ്ധതിയിട്ട ആളാണ് അയാൾ. എന്തും വളച്ചൊടിക്കും. പുതിയ ഭാര്യ എന്നെക്കുറിച്ച് പറയുന്നത് കള്ളമാണ്. എന്നെ കാണാത്ത പെണ്ണ് എങ്ങനെ ഈ മരുന്നിന്റെ കാര്യം കണ്ടുപിടിച്ചു എന്നറിയില്ല. ഞാൻ പോയശേഷം രണ്ടു പെൺകുട്ടികൾ അവിടെ വന്നുനിന്ന് പോയിട്ടുണ്ട്, അവരെ ചതിച്ച് വിട്ടിട്ടുമുണ്ട്. പുതിയ ഭാര്യയെ ഫോണിലൂടെയും വാട്സാപ്പ് മെസേജിലൂടേയും മാത്രമാണ് കണ്ടിട്ടുള്ളത്. ഇതൊരു തമാശയല്ല, മരിച്ചുപോകുന്നതിനു മുമ്പുള്ള അവസാന മൊഴിയെടുക്കില്ലേ, അതാണ് ഈ വിഡിയോയിലൂടെ പറയുന്നതെന്ന് കരുതിയാൽ മതി. ബ്ലാക് മാജിക്കും ഗുണ്ടായിസവുമൊക്കെ ഉള്ളടത്ത് പിടിച്ചു നിൽക്കാൻ പറ്റുമോ എന്നറിയില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്രുത ഹോളിവുഡ് താരവും ഓസ്കർ ജേതാവുമായ ജീൻ ഹാക്മാനും ഭാര്യ ബെറ്റ്സിയും മരിച്ച നിലയിൽ