തമിഴ്നാട്ടിൽ ഒരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു മഞ്ഞുമ്മല്‍ ബോയ്സ്. വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് സിനിമയ്ക്ക് സ്ക്രീൻ കൗണ്ടും കൂട്ടി. പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തി. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഇവിടെ നിന്ന് മാത്രം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഒരു മലയാള സിനിമയും ഇതുവരെയും ഒറ്റ ദിവസം കൊണ്ട് ഒരു കോടി കളക്ഷൻ തമിഴ്നാട്ടിൽ നിന്ന് നേടിയിട്ടില്ല. തീർന്നില്ല തമിഴ്നാട്ടിൽ ഇന്നത്തെ ഷോകൾക്കായുള്ള അഡ്വാൻസ് ബുക്കിംഗിൽ 1.54 കോടിയാണ് ചിത്രം നേടി കഴിഞ്ഞു.
തമിഴ് വലിയ ഹൈപ്പോടെ എത്തിയ ഈ വർഷത്തെ രണ്ട് റിലീസുകൾ ആയിരുന്നു ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയന്‍റെ അയലാനും. അഡ്വാൻസ് ബുക്കിങ്ങിന്റെ കാര്യത്തിൽ ഈ രണ്ട് ചിത്രങ്ങളെയും മഞ്ഞുമ്മല്‍ ബോയ്സ് മറി കടന്നു.
റിലീസിന്റെ രണ്ടാമത്തെ ദിവസമായ ശനിയാഴ്ച അഡ്വാൻസ് ബുക്കിങ്ങിലൂടെ മഞ്ഞുമ്മല്‍ ബോയ്സ് 1.54 കോടി നേടിയപ്പോള്‍ ഇതേദിവസം അയലാന്‍ നേടിയത് 1.15 കോടിയും ക്യാപ്റ്റന്‍ മില്ലര്‍ നേടിയത് 55 ലക്ഷവുമായിരുന്നു. തീർന്നില്ല ഈ വാരം എത്തിയ തമിഴ് ഹോളിവുഡ് സിനിമകളേക്കാൾ വളരെ മുന്നിലാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സിയും കളക്ഷനും.