Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനേയും കാവ്യയേയും ഒന്നിനും കൊള്ളാത്തവരാക്കി, അതിദയനീയം പിന്നെയും, വിധേയനും അനന്തരവും എടുത്തതാര്? ; അടൂരിനെ വിമർശിച്ച് സംവിധായകൻ

അടൂരിന്റെ പിന്നെയും അതിദയനീയമെന്ന് സംവിധായകന്‍ വിനോദ് മങ്കര

സിനിമ
, ബുധന്‍, 24 ഓഗസ്റ്റ് 2016 (17:03 IST)
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ അടൂർ ചിത്രത്തെ സ്നേഹിക്കുന്നവർ പലതും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ തകർക്കുകയാണ് സിനിമ ചെയ്തതെന്നാണ് പരക്കെയുള്ള സംസാരവും അഭിപ്രായവും. ദിലീപും കാവ്യയും ഒരിടവേളയ്ക്കുശേഷം ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ടായിരുന്നു. നിരവധി പേർ ചിത്രത്തെയും അടൂരിനേയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംവിധായകൻ വിനോദ് മങ്കരയും ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
 
വിനോദ് മങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 
 
അടൂരിന്ടെ "പിന്നെയും" എന്ന ചിത്രം ഒട്ടൊന്നുമല്ല നിരാശനാക്കിയത്. നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണുംരണ്ടു ആണും എന്നൊക്കെയുള്ള തട്ടിക്കൂട്ട് ചിത്രങ്ങളുടെ 'ട്രിലോജി'യില്‍പെടും ഈ ചിത്രവും. യഥാര്‍ത്ഥത്തില്‍ അനന്തരം, വിധേയന്‍ എന്നീചിത്രങ്ങളോടെ ഈ മാസ്റ്റര്‍ ചലച്ചിത്രകാരന്‍ അവസാനിക്കുന്നത് ഈ പുതിയ ചിത്രവും അടിവരയിടുന്നു. കൃത്രിമ ചലനങ്ങള്‍കൊണ്ടും കൃത്രിമ സംഭാഷണങ്ങള്‍ കൊണ്ടും ശരാശരിയിലും താണ നിലവാരം പുലര്‍ത്തുന്ന ഒരു അമേചുര്‍ നാടകമെന്നെ ഇതിനെ പറയാന്‍ കഴിയു.
 
ഇത്തവണയെങ്കിലും അടൂര്‍ എന്ന മാസ്റ്റര്‍ ചലച്ചിത്രകാരന്‍ നമ്മെ അതിശയിപ്പിക്കും എന്നു കരുതിയത്‌ തെറ്റായി. സീനുകള്‍ക്ക് പരസ്പരബന്ധം കിട്ടാനും കഥയെ ഏതെങ്കിലും ഒരു തൊഴുത്തില്‍ക്കൊണ്ടുപോയി കെട്ടാനുംവേണ്ടി ദാദഫാല്‍ക്കെകാരന്‍ വല്ലാതെ കഷ്ട്ടപ്പെടുന്നത് ചിത്രത്തില്‍ കാണാം. മലയാള സിനിമയെ അടൂര്‍ പിന്നെയും പിന്നിലേക്ക്‌ നടത്തിയെന്നുവേണം പറയാന്‍.നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ദിലീപ്, കാവ്യ എന്നിവരുടെ മുഖത്തെ സ്വാഭാവിക മനുഷ്യഭാവങ്ങള്‍ മുഴുവന്‍ അലക്കി കളഞ്ഞ് അവരെ ഒന്നിനും കൊള്ളാത്തവര്‍ ആക്കുകയാണ് അടൂര്‍ ചെയ്തത്. 
 
സ്ത്രീയുടെ പ്രശ്നങ്ങളെ ക്കുറിച്ച് ഇദ്ദേഹം വലിയ വായില്‍ പറയുന്നത് വായിച്ചപ്പോള്‍ പണ്ട് പെരുമഴക്കാലം എന്ന സിനിമയില്‍ ഈ രണ്ടുപേരെ വച്ചുകൊണ്ട് കമല്‍ എന്തുമനോഹരമായി കഥ അവതരിപ്പിച്ചു എന്നത് ഓര്‍മ വന്നു. അടൂര്‍സാറെ താങ്കള്‍ക്കു എന്താണ് പറ്റിയത്? താങ്കളുടെ എഴുപത്തിഅഞ്ചു വയസ്സും സിനിമയിലെ അമ്പതുവര്‍ഷവും കൊണ്ട് മാര്‍ക്കറ്റു ചെയ്യുന്ന ഈ ചിത്രം താങ്കള്‍ ആണ് എടുത്തത്‌ എങ്കില്‍ വിധേയനും അനന്തരവും എലിപ്പത്തായവും എടുത്തത്‌ ആരാണ്?.
 
ലോകചലച്ചിത്രവേദിയിലെ പല മുത്തശ്ശന്‍ മാരും നമ്മെ അത്ഭുതപ്പെടുത്തുന്നത്പോലെ താങ്കള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തും എന്ന് വെറുതെ വിചാരിച്ചതിന് മാപ്പ്.സ്റ്റോക്ക്‌തീര്‍ന്നു എന്ന് പലരും പറഞ്ഞത് ശരിയാണ് എന്ന് ഇപ്പോഴും അടൂര്‍ നമ്മെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. അടൂര്‍ സാറിനോട് ഉള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ;അതി ദയനീയം "പിന്നെയും".

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി കേണല്‍ ആകാതിരുന്നതിന് കാരണമെന്ത്?