കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്ന് ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട രജിത് കുമാറിനു ഫാൻസ് എന്ന് പറയുന്നവർ നൽകിയ വരവേൽപ്പ് ആസൂത്രിതമെന്ന് പൊലീസ്. കൊറോണയെ കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നും സ്വീകരിക്കാൻ ഇത്രയധികം ജനങ്ങൾ ഉണ്ടെന്നുള്ള വിവരം തനിക്ക് അറിയില്ലെന്നുമുള്ള രജിതിന്റെ വാദം തെറ്റാണെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
തന്നെ സ്വീകരിക്കാൻ പുറത്ത് ജനക്കൂട്ടം ഉണ്ടെന്നുള്ള വിവരത്തെ കുറിച്ച് രജിതിനു വ്യക്തതയുണ്ടെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. വിമാനത്താവളത്തിന് പുറത്ത് രജിതിനെ വരവേല്‍ക്കാന്‍ ആളുകളെ സംഘടിപ്പിച്ചത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്ബോസില്‍ രജിതിന്‍റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരായിരുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു.
കേസില്‍ ഒന്നാം പ്രതിയാണ് രജിത്. ഷിയാസ് കരീം രണ്ടാം പ്രതിയും പരീക്കുട്ടിയെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു. രജിത് കുമാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിമാനത്താവള പരിസരത്ത് ആരാധകർ സംഘടിച്ചതെന്ന് ഇവരിലൊരാൾ പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ, രജിത് കുമാർ ഇത് നിഷേധിച്ചു.
കൊച്ചിയിൽ എത്തുമെന്ന കാര്യം രജിത് ഷിയാസിനെ വിളിച്ചറിയിച്ചിരുന്നു. സ്വീകരിക്കാൻ ആളുകളുണ്ടാകുമെന്ന് ഇവർ പറഞ്ഞതായാണ് റിപ്പോർട്ട്. ഒപ്പം, വിമാനത്താവളത്തിന് അകത്തു വച്ച് പുറത്തു വലിയ ജനക്കൂട്ടമുണ്ടെന്നും തിരക്കും ബഹളവും ഒഴിവാക്കാന്‍ മറ്റൊരു വഴിയിൽ കൂടെ പോകാൻ അധികൃതർ രജിതിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും രജിത് ഇത് നിഷേധിച്ചു. തന്നെ കാണാനെത്തിയ ആയിരക്കണക്കിനു ആളുകളെ നേരിൽ കണ്ടേ മടങ്ങാൻ കഴിയുകയുള്ളുവെന്നായിരുന്നു ഇയാൾ പറഞ്ഞത്.