'ഗോട്ടി'നെ കൈവിട്ട് മലയാളികള്‍; തിയറ്ററുകള്‍ വെട്ടിച്ചുരുക്കി; ഗോകുലം മൂവീസിനു വന്‍ നഷ്ടമോ?
കേരളത്തില്‍ മോശം പ്രതികരണമാണ് വിജയ് ചിത്രത്തിനു ആദ്യ ദിവസം ലഭിച്ചത്
വിജയ് ചിത്രം 'ഗോട്ടി'നെ കൈവിട്ട് മലയാളി പ്രേക്ഷകര്‍. ഓണം റിലീസ് ആയി അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം എന്നിവ എത്തിയതോടെയാണ് ഗോട്ടിനു തിരിച്ചടിയായത്. ഗോട്ട് പ്രദര്‍ശിപ്പിച്ചിരുന്ന മിക്ക തിയറ്ററുകളും പുതിയ സിനിമകള്‍ എടുത്തു. ഓണം മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് തിയറ്റര്‍ ഉടമകള്‍ ഗോട്ടിനെ കൈവിട്ടത്.
കേരളത്തില്‍ മോശം പ്രതികരണമാണ് വിജയ് ചിത്രത്തിനു ആദ്യ ദിവസം ലഭിച്ചത്. അതോടെ ബോക്‌സ്ഓഫീസിലും വന്‍ തിരിച്ചടി നേരിട്ടു. ആദ്യ ദിവസത്തെ ഏഴ് കോടിക്ക് അടുത്ത് ലഭിച്ച കളക്ഷന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീടങ്ങോട്ട് ബോക്‌സ്ഓഫീസില്‍ കിതയ്ക്കുകയായിരുന്നു വിജയ് ചിത്രം. റിലീസ് ചെയ്തു ഏഴ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ കേരള കളക്ഷന്‍. ശ്രീ ഗോകുലം മൂവീസ് ഏകദേശം 40 കോടിക്ക് അടുത്ത് ചെലവഴിച്ചാണ് ഗോട്ടിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് വിവരം.
അതേസമയം തമിഴ്‌നാട്ടില്‍ ഗോട്ടിനു 130 കോടിയിലേറെ കളക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് കളക്ഷന്‍ 330 കോടി കടന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിനു രണ്ടാം ഭാഗം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.