നാണംകെട്ടവന്‍ എന്ന വിളി അഭിമാനം, ധൈര്യമുണ്ടേല്‍ എന്നെപ്പോലെ ജീവിക്കൂ: വിമർശകരോട് ഗോപി സുന്ദര്‍
വിമർശകരെ വെല്ലുവിളിച്ച് ഗോപി സുന്ദർ
പ്രണയബന്ധങ്ങളുടെ പേരിൽ ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോഴിതാ തനിക്കെതിരെയുള്ള കടന്നാക്രമങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. നാണംകെട്ടവന്‍ എന്ന വിളികളെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നാണ് ഗോപി സുന്ദര്‍ പറയുന്നു.
'ചിലര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുകയും അടിച്ചമര്‍ത്തിവെക്കുകയും ചെയ്ത് മറ്റുള്ളവര്‍ക്ക് വേണ്ടിയാകും ജീവിക്കുക. പക്ഷെ ഞാന്‍ അങ്ങനെ അഭിനയിക്കില്ല. ഞാന്‍ ജീവിക്കുന്നത് ഞാന്‍ ആയി തന്നെയാണ്. ആളുകള്‍ എന്നെ നാണം കെട്ടവന്‍ എന്ന് വിളിക്കുമ്പോള്‍, ഞാനത് അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ആദമിന്റേയും ഈവിന്റേയും കഥയില്‍, അവരുടെ അനുസരണക്കേടാണ് നാണത്തിലേക്കും ഒളിച്ചിരിക്കുന്നതിലേക്കും നയിച്ചത്. പക്ഷെ സത്യസന്ധമായി ജീവിക്കാനാണ് അവരെ സൃഷ്ടിച്ചത്.
ബൈബിളില്‍ പറയുന്നത് പോലെ, സത്യം നിങ്ങളെ സ്വതന്ത്ര്യരാക്കും (ജോണ്‍ 8.32). നാട്യത്തേക്കാള്‍ സത്യത്തിനും ആത്മാര്‍ത്ഥതയ്ക്കുമാണ് ദൈവം വില കല്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ. നമ്മള്‍ക്ക് ഒരു ജീവിതമേയുള്ളൂ. അത് പൂര്‍ണ അര്‍ത്ഥത്തില്‍ ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. കണ്‍സെന്റിനെ എന്നും മാനിക്കൂ. സന്തോഷത്തോടെ, റിയല്‍ ആയി ജീവിക്കൂ. എല്ലാവര്‍ക്കും അഡ്വാന്‍സ് പുതുവത്സരാശംസകള്‍', എന്നാണ് ഗോപി സുന്ദറിന്റെ കുറിപ്പ്.