Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്വാസകോശത്തിൽ അണുബാധ; യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു

ശ്വാസകോശത്തിൽ അണുബാധ; യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു

നിഹാരിക കെ.എസ്

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (08:35 IST)
പെരുമ്പാവൂർ: യുവ ഛായാഗ്രാഹകയും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ ആര്‍ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു.സിനിമാ ചിത്രീകരണത്തിനിടെ ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെത്തുടർന്ന് കശ്മീരിലെ ശ്രീനഗറില്‍ വച്ചായിരുന്നു മരണം. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷ്ണ.
 
പ്രശസ്ത സംവിധായകന്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ.മലയാളി ഛായാഗ്രാഹകന്‍ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ചുവരികയായിരുന്നു കൃഷ്ണ.
 
രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണ അസുഖബാധിതയാകുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 23 ന് കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു. 
 
വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് വിവരം. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ഛായാഗ്രാഹക സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘പൊന്മാനി’ലാണ് ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനിമൽ മുതൽ മാർക്കോ വരെ, വയലൻസ് ആഘോഷമാക്കിയ പ്രേക്ഷകർ, ഇന്ത്യൻ സ്ക്രീനുകളെ ചോരയിൽ കുളിപ്പിച്ച 2024