Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടി എവിടാ അടിച്ചത്, നെഞ്ചത്താണോ?’ - ഒരു ജോഡി കണ്ണുകൾ കൊണ്ട് രണ്ടുപേർ കണ്ട പടം; വൈറൽ പോസ്റ്റ്

അത്രയും ആഴത്തിലും വിശദമായും അതിന്റെ മുമ്പോ പിമ്പോ ഞാനും ഒരു സിനിമ കണ്ടിട്ടില്ല...

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (15:27 IST)
സിനിമ ഓരോരുത്തർക്കും ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. വർണശബളമായ ലോകത്തിരുന്ന് കാണുന്ന(കേൾക്കുന്ന) ഓരോ കാഴ്ചയും മനസ്സിൽ കുറിച്ചിടുന്നത് ശരിക്കും കാഴ്ചയില്ലാത്തവരാകും. അവർ എല്ലാത്തിനേയും അറിയുന്നത് മനസുകൊണ്ടാണ്. അത്തരത്തിൽ മനസു കൊണ്ട്, തന്റെ കണ്ണ് കൊണ്ട് സുഹൃത്തിന് സിനിമ കാണിച്ച കഥ പറയുകയാണ് മലപ്പുറം, വെളിമുക്ക് തലപ്പാറ സ്വദേശി റയീസ് ഹിദായ.
 
ജന്മനാ കാഴ്ചയില്ലാത്ത തന്റെ സുഹൃത്തിന് മമ്മൂട്ടിയുടെ ‘ബസ് കണ്ടക്ടർ’ എന്ന സിനിമ ‘കാണിച്ച്’ കൊടുത്ത കഥയാണ് റയീസ് ഹാദിയ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. പതിനഞ്ച് വര്‍ഷമായി റയീസ് സ്‌ട്രെച്ചറിലേക്കു വീണു പോയിട്ട്. ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന റയീസിന്റെ കുറിപ്പുകൾ ഇതിനു മുൻപും സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം:
 
ആ രാത്രിയിലെ ഞങ്ങളുടെ സംസാരം ഒരുപാട് നീണ്ടു പോയിരുന്നു.പാതിരാ കഴിഞ്ഞിട്ടും അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ഞങ്ങളിരുവരും.
 
ഇത്ര നീളാറില്ലെങ്കിലും ഇടക്ക് ഞങ്ങളിങ്ങനെ മിണ്ടിപറയാറുണ്ട്.മണ്ണും മനുഷ്യനും ചുറ്റുമുള്ളവരും രാഷ്ട്രീയവും ഒക്കെ വിഷയമാവാറുണ്ട്.എങ്കിലും ഞങ്ങൾ ഈ സമയത്ത് ആദ്യമായാണ്.. അതിനിടയിലാണ് അവനാ ആഗ്രഹം പറഞ്ഞത്.
 
"എടാ,ഒരു സിനിമ കാണണം."
 
ഞാനും ആവേശത്തിലായി. ഇത്രയും കാലത്തെ പരിചയത്തിനിടക്ക് അവനാദ്യമായാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത്.
 
"പുതിയ നിയമം തിയേറ്ററിലുണ്ട്.ഞാൻ രാവിലെ തന്നെ ടിക്കറ്റ് എടുക്കാൻ ഏർപ്പാട് ചെയ്യാം.നല്ല പടമാണെന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിരുന്നു."
 
അന്ന് പുതിയ നിയമം മമ്മൂട്ടി സിനിമ തിയേറ്ററിൽ ഉള്ള സമയമാണ്.
 
"ഇല്ലെടാ,നമുക്കൊരുമിച്ച് കാണണം.അതിനാണ്."
 
"ഇല്ലാ, ഞാൻ തിയേറ്ററിൽ ഒക്കെ പോയിട്ട് കൊറേ ആയി.ഞാൻ സുഹൃത്തുക്കളെ ഏർപ്പാട് ചെയ്തോളാം,നിങ്ങൾ പൊളിച്ചിട്ട് വാ.."
 
"ഓഹ്, അതിന് എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട.ഞാൻ ആദ്യമായിട്ടൊന്നുമല്ല തിയേറ്ററിൽ പോവുന്നതും സിനിമ കാണുന്നതും."
 
"പിന്നെ!??നീ തിയേറ്ററിൽ പോയിട്ടുണ്ടോ?അപ്പൊ നീയെങ്ങനെ കാണും?
 
"സിനിമ കാണാൻ മാത്രം ഉള്ളതല്ലല്ലോ,കേൾക്കാൻ കൂടെ ഉള്ളതല്ലേ..?ഡിഗ്രി സമയത്ത് പല തവണ പോയിട്ടുണ്ട് ഫ്രെണ്ട്സിന്റെ കൂടെ."
 
"ആ,അങ്ങനെ പറ. ഞാനും കരുതി പെട്ടെന്നെന്താ സിനിമ കാണാൻ ആഗ്രഹമെന്ന്.അതും കണ്ണ് കാണാത്ത അനക്ക്.തിയേറ്ററിൽ പോവാൻ എന്തായാലും ഇപ്പൊ ഞാനില്ല.നമുക്ക് പിന്നീടൊരിക്കലാവാം."
 
"ഇയ്യോന്ന് ഞാൻ പറിണത് കേക്ക്.തിയേറ്ററിൽ ഒന്നും പോണ്ട.നമുക്ക് സി.ഡി ഇട്ട് കാണാം.എനിക്ക് ബസ് കണ്ടക്ടർ ആണ് കാണേണ്ടത്."
 
"പൊളി മുത്തേ..യ്യ്‌പറഞ്ഞോ,നമ്മക്ക് കാണാം.ഫയൽ എന്റെ ലാപ്പിൽ ണ്ട്.സുൽത്താൻ വീട്ടിലെ കുഞ്ഞാക്ക തകർക്കും."
 
"ന്നാ നാളെ തന്നെ ആയാലോ?"
 
"ഓക്കെ"
 
പിറന്ന കാലം തൊട്ട് കാഴ്ചയില്ല ആശാന്.ഈ ഭൂമിയുടെ അത്ഭുതങ്ങളോ വർണങ്ങളോ ഒന്നും അവൻ കണ്ണാൽ കണ്ടിട്ടില്ല.എന്നാൽ അവന്റെ അകക്കണ്ണുകളാൽ പകർത്തിയ കാഴ്ചകളോളം ഭംഗിയുള്ള ഒരു കാഴ്ചയും എന്റെ രണ്ട് കണ്ണുകൾക്കും ഇന്നോളം ഉണ്ടായിട്ടില്ല.മഴയും കാറ്റും വെയിലും ഒന്നും അവൻ അറിഞ്ഞ പോലെ ഭംഗിയിൽ ഞാൻ കണ്ടിട്ടില്ല.സോഷ്യോളജിയിൽ പി.ജി കഴിഞ്ഞിട്ടുണ്ടവൻ,ഒപ്പം ബി.എഡും.
 
അടുത്ത ദിവസം അവന്റെ ആഗ്രഹപ്രകാരം ബസ് കണ്ടക്ടർ സിനിമ കണ്ടു.കാണാനിരിക്കും മുമ്പ് അവൻ ചിലത് പറഞ്ഞിരുന്നു.
 
"ആദ്യമായിട്ടല്ല സിനിമ കാണുന്നതല്ലെന്ന് പറഞ്ഞല്ലോ,സുഹൃത്തുക്കളുടെ കൂടെ ഒക്കെ തിയേറ്ററിൽ പോയിട്ടുണ്ട്.കേട്ടിരിക്കുമ്പോ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്താണ് കാഴ്ചയിൽ നടക്കുന്നതെന്നറിയാൻ.ഈ സിനിമ മുഴുവൻ നീയെനിക്ക് പറഞ്ഞു തരണം.ആ കാലത്ത് തിയേറ്ററിൽ പോയി കണ്ടതാണ്.അന്ന് മുതൽ ഒരുപാട് തവണ ഞാൻ അതിന്റെ ഓഡിയോ കേട്ടിട്ടുണ്ട്.മുഴുവൻ ഡയലോഗുകളും മനപ്പാഠമാണ്."
 
"വോക്കെയ്"
 
സിനിമ തുടങ്ങിയ ഉടൻ അവൻ ചോദിച്ചറിയാൻ തുടങ്ങി,ഇപ്പൊ എന്താ സ്‌ക്രീനിൽ എന്ന്..
 
"ടാ,പേരെഴുതി കാണിക്കാണ്."
 
"അത് വായിച്ച് തരാൻ പിന്നെ ഞാൻ വേറെ ആളെ വെക്കണോ?"
 
അപ്പോഴാണ് ഞാനും അത് ഓർത്തത്.ഓരോ പേരും ഉറക്കെ വായിച്ചു കൊണ്ടിരുന്നു.സിനിമ മുന്നോട്ട് പോകുംതോറും അവന്റെ സംശയങ്ങൾ ഏറി വന്നു,ബസ്സിന്റെ കളർ,കഥാപാത്രങ്ങളുടെ വസ്ത്രങ്ങളുടെ നിറം,ഫുൾ കൈ ആണോ ഹാഫ് കൈ ആണോ,മമ്മൂട്ടി എവിടാ അടിച്ചത്,നെഞ്ചത്താണോ ..ഓരോന്നും വിശദമായി തന്നെ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.പല ഡയലോഗുകളും അവൻ ആവേശത്തിൽ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.അന്നേരം ആ കഥാപാത്രങ്ങളുടെ expression എങ്ങനെയാണ്,അംഗചലനങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെ പലതും.
 
പല തവണ പല രീതിയിലുള്ള പല സിനിമകൾ പലരോടോപ്പോവും ഇരുന്ന് കണ്ടിട്ടുണ്ട്.ആദ്യമായാണ് ഇങ്ങനൊരു അനുഭവം.ഒരു ജോടി കണ്ണുകൾ കൊണ്ട് രണ്ട്പേര് സിനിമ കാണുന്നു. അത്രയും ആഴത്തിലും വിശദമായും അതിന്റെ മുമ്പോ പിമ്പോ ഞാനും ഒരു സിനിമ കണ്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments