Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മമ്മൂട്ടിക്ക് 10 ലക്ഷമായിരുന്നു പ്രതിഫലം, ആ ചിത്രം കോടികള്‍ വാരി!

അന്ന് മമ്മൂട്ടിക്ക് 10 ലക്ഷമായിരുന്നു പ്രതിഫലം, ആ ചിത്രം കോടികള്‍ വാരി!
, വ്യാഴം, 4 ഏപ്രില്‍ 2019 (11:42 IST)
മലയാള സിനിമയില്‍ മലയാളിത്തമില്ലാത്ത സിനിമകളാണ് ഇന്ന് കൂടുതലായും ഉണ്ടാകുന്നത്. നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന വിഷയങ്ങളിലേക്കോ നമ്മുടെ ബന്ധങ്ങളിലേക്കോ ജീവിതത്തിലേക്കോ കഥാകാരന്‍‌മാര്‍ കണ്ണുതുറക്കാത്തതാണ് ഇതിന് കാരണം. ലോകസാഹിത്യമൊന്നും വേണ്ട, നമ്മുടെ രാമായണവും മഹാഭാരതവും കഥാസരിത് സാഗരവും മതി എനിക്ക് ആയിരം കഥകള്‍ സൃഷ്ടിക്കുവാനെന്ന് പറഞ്ഞ ഒരു തിരക്കഥാകൃത്ത് നമുക്കുണ്ടായിരുന്നു - ലോഹിതദാസ്.
 
ലോഹിതദാസിന്‍റെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നു വാത്സല്യം. മൂവി ബഷീറിന്‍റെ അമ്മാസ് ബാനറിനെ രക്ഷപ്പെടുത്താനായാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയത്. കൊച്ചിന്‍ ഹനീഫ് സംവിധാനം ചെയ്ത ആ സിനിമയ്ക്ക് അന്ന് 50 ലക്ഷം രൂപ ചെലവായി. 10 ലക്ഷം രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം.
 
webdunia
എല്ലാം ഉപേക്ഷിച്ച്, ബന്ധങ്ങളെയും രാജ്യത്തെയുമെല്ലാം ഉപേക്ഷിച്ച്, വനവാസത്തിന് പോകുന്ന ശ്രീരാമന്‍റെ കഥയില്‍ നിന്നാണ് ലോഹിതദാസ് ‘വാത്സല്യം’ സൃഷ്ടിച്ചത്. 1993 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വാത്സല്യത്തിന്‍റെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവം അന്ന് അവിടെയുണ്ടായിരുന്ന പലരും ഓര്‍ക്കുന്നുണ്ട്. ലോഹിതദാസ് തിരക്കഥ പൂര്‍ത്തിയാക്കിയിട്ടില്ല. ചിത്രീകരണത്തിനൊപ്പം അടുത്ത് ഒരു ലോഡ്ജിലിരുന്ന് ലോഹി തിരക്കഥയെഴുതിക്കൊണ്ടിരുന്നു. ഒരു ദിവസം ലൊക്കേഷനില്‍ കൊച്ചിന്‍ ഹനീഫ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ലോഹിതദാസ് കടന്നു വരികയാണ്. കയ്യില്‍ പൂര്‍ത്തിയാക്കിയ തിരക്കഥയടങ്ങിയ കടലാസുകെട്ടും ഉയര്‍ത്തിപ്പിടിച്ചാണ് വരവ്. ഒപ്പം ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയുന്നുമുണ്ട് - “കൊച്ചിന്‍ ഹനീഫേ നേതാവേ... ധീരതയോടെ നയിച്ചോളൂ...”
 
വീടുപേക്ഷിച്ചുപോയ ജ്യേഷ്ഠനെ അനുജന്‍ കാണാന്‍ വരുന്നതായിരുന്നു വാത്സല്യത്തിന്‍റെ ക്ലൈമാക്സ്. അത്രയും ലളിതമായൊരു ക്ലൈമാക്സ് എഴുതാനും അത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റാനും ഒരു ലോഹിതദാസിന് മാത്രമേ കഴിയൂ. വാത്സല്യം മലയാളികളുടെ നെഞ്ചിലെ നീറുന്ന ഒരോര്‍മ്മയാണ്. മേലേടത്ത് രാഘവന്‍‌നായര്‍ സ്നേഹത്തിന്‍റെ പൊന്‍‌തിളക്കമുള്ള പ്രതീകവും.
 
webdunia
മലയാളത്തിന്‍റെ നന്‍‌മയും ചേതനയും പേറുന്ന ആ സിനിമയെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. ചിത്രം മെഗാഹിറ്റായി, കോടികള്‍ വാരി. കേരളത്തിലെ തിയേറ്ററുകളില്‍ 250ലേറെ ദിവസം വാത്സല്യം ഓടി. 1993ല്‍ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ വാത്സല്യം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിക്കുകയും ചെയ്തു. ഒരു മികച്ച കഥയുടെ ഗംഭീരമായ ചിത്രീകരണമായിരുന്നു ആ സിനിമ. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, ഒന്നാന്തരം ഗാനങ്ങള്‍ എല്ലാം ആ സിനിമയിലുണ്ടായിരുന്നു. എസ് പി വെങ്കിടേഷായിരുന്നു സംഗീതം. ഗാനരചന കൈതപ്രവും. അലയും കാറ്റിന്‍ ഹൃദയം, താമരക്കണ്ണനുറങ്ങേണം, ഇന്നീക്കൊച്ചുവരമ്പിന്‍‌മേലേ എന്നീ ഗാനങ്ങള്‍ ഇന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ്. സംവിധായകന്‍ കൊച്ചിന്‍ ഹനീഫ ‘ഇന്നീക്കൊച്ചുവരമ്പിന്‍‌മേലേ...’ എന്ന ടൈറ്റില്‍ സോംഗില്‍ മാത്രമാണ് അഭിനയിച്ചത്. 
 
പക്ഷേ, കോടികളുടെ കണക്കിന് അപ്പുറം, ആ സിനിമ ഇന്നും ജീവിക്കുന്നത് ഹൃദ്യമായ ഒരോര്‍മ്മയായാണ്. പണം വാരിക്കൂട്ടുന്ന പ്ലാസ്റ്റിക് പടങ്ങള്‍ പലതും 100 നാള്‍ക്കപ്പുറം ആരും ഓര്‍ക്കില്ലെന്നുറപ്പാണ്. ‘വാത്സല്യം’ എത്രവര്‍ഷം കഴിഞ്ഞാലും ഒരു രാമയണസന്ധ്യയില്‍ കൊളുത്തിവച്ച നിലവിളക്കുപോലെ തെളിഞ്ഞുനില്‍ക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിയാവർത്തനത്തിലെ തിലകൻ - മലയാള സിനിമ കണ്ട ഏറ്റവും വലിയ സൈക്കോ!