തനിയാവർത്തനത്തിലെ തിലകൻ - മലയാള സിനിമ കണ്ട ഏറ്റവും വലിയ സൈക്കോ!

ആ സൈക്കോ കുമ്പളങ്ങിയിലെ ഷമ്മിയോ മണിച്ചിത്രത്താഴിലെ ഗംഗയോ അല്ല, അത് തനിയാവര്‍ത്തനത്തിലെ ഗംഗാധരനാണ്.‍..

വ്യാഴം, 4 ഏപ്രില്‍ 2019 (10:57 IST)
മികച്ച സിനിമകൾക്ക് വർഷങ്ങൾ കഴിഞ്ഞാലും വിശകലനങ്ങൾ സാധ്യമാകാറുണ്ട്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദ്രിക്സാക്ഷികളും എന്ന ചിത്രം മുതലാണ് ‘ബ്രില്ല്യൻസ്’എന്ന ഘടകം ഏറെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലിറങ്ങിയ അനേകം സിനിമകൾക്ക്/കഥാപാത്രങ്ങൾക്ക് എല്ലാം ബ്രില്ല്യൻസ് കണ്ടെത്തുന്നത് ട്രെൻഡ് ആയി മാറി. ഇപ്പോഴിതാ, അത്തരമൊരു വിശകലന പോസ്റ്റാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.   
 
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സൈക്കോ നമ്മള്‍ കരുതും പോലെ കുമ്പളങ്ങിയിലെ ഷമ്മിയോ മണിച്ചിത്രത്താഴിലെ ഗംഗയോ അല്ലെന്ന് സിനിമ പാരഡിസോ ക്ലബ്ബിൽ വന്ന പോസ്റ്റിൽ പറയുന്നു. ശ്രീ ജിത എന്ന സിനിമാ ആസ്വാദകയെന്ന പോസ്റ്റാണ് വൈറലാകുന്നത്. സൂഷ്മ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ‘ആ സൈക്കോ’ മമ്മൂട്ടി അനശ്വരമാക്കിയ തനിയാവർത്തനം എന്ന സിനിമയിലെ തിലകന്റെ കഥാപാത്രമാണെന്ന് സാഹചര്യ തെളിവുകൾ അടക്കം യുവതി പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
തനിയാവര്‍ത്തനം - ഒരു സൈക്കോ അപഗ്രഥനം.
 
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സൈക്കോ നമ്മള്‍ കരുതും പോലെ കുമ്പളങ്ങിയിലെ ഷമ്മിയോ മണിച്ചിത്രത്താഴിലെ ഗംഗയോ അല്ല. അത് തനിയാവര്‍ത്തനത്തിലെ ഗംഗാധരനാണ്.‍(തിലകന്‍ അവതരിപ്പിച്ച കഥാപാത്രം)
 
അതിനു മുന്‍പ് ഒരല്‍പം ജീനുകളുടെ പരിണാമകഥ പറയാം.
 
വേട്ടയാടി ജീവിച്ചിരുന്ന(ഹണ്ടര്‍ ഗാതറേഴ്സ്) സമയത്ത് ഇണയ്ക്കു വേണ്ടിയും ഭക്ഷണത്തിനു വേണ്ടിയും എന്നിങ്ങനെ നിരന്തരം മത്സരത്തിനു വിധേയമാകേണ്ടി വന്ന ജീനുകളാണ് ഇന്ന് പരിണമിച്ച് നമ്മളിലെത്തി നില്‍ക്കുന്നത്. ഹോമോസാപ്പിയന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരായതു കൊണ്ടും അന്നത്തെ ഗോത്രവര്‍ഗ്ഗ സെറ്റപ്പില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് ഒരു വലിയ ഗ്രൂപ്പിന്‍റെ സഹായത്തോടെ ആയിരുന്നതിനാലും ആളുകളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക, കൂടുതല്‍ ബോണ്ടിങ് ,അതിനാവശ്യമായ കമ്യൂണിക്കേഷന്‍ വൈദഗ്ധ്യം എന്നിവ സ്ത്രീകളില്‍ ഇതിന്‍റെ ഫലമായാണ് കാണുന്നത് എന്ന് പറയപ്പെടുന്നു.
 
പുരുഷന്‍മാരാകട്ടെ മൃഗങ്ങളിലായാലും പഴയ വേട്ടയാടിയ വര്‍ഗ്ഗത്തിലായാലും ഒരു ഗ്രൂപ്പില്‍ ഒരു ആല്‍ഫാ മെയ്ലുണ്ടാവുകയും അയാള്‍ ആ ഗ്രൂപ്പിന്‍റെ തലവനായിരിക്കുകയുമായിരുന്നു രീതി. സിംഹങ്ങളിലൊക്കെ പിന്നീട് വരുന്ന ആല്‍ഫാ മെയ്ല്‍ നേരത്തെ ഉണ്ടായിരുന്ന തലവന്‍റെ ആണ്‍കുട്ടികളുണ്ടെങ്കില്‍ അവരെയടക്കം കൊന്നാണ് അധികാരം സ്ഥാപിക്കുക എന്ന് വായിച്ചിട്ടുണ്ട്. അതായത് ഒരു ടെറിട്ടറിയില്‍ ഒരു ആല്‍ഫാ മെയ്ല്‍. മറ്റൊരാള്‍ വന്നാല്‍ പോരടിച്ചു കൊന്നോ ചത്തോ ആണ് ഇവ അധികാരം സ്ഥാപിക്കുക. പരിണാമത്തിന്‍റെ ഫലമായി മനുഷ്യനിലും ആത്യന്തികമായി വയലന്‍സ് ഉണ്ട്. പുരോഗമനസമൂഹം എന്ന നിലയില്‍ ഇത്തരം പ്രാകൃതമായ വയലന്‍സിനെ ഒളിപ്പിച്ച് നിര്‍ത്തി നമ്മള്‍ അല്‍പം കൂടി മാന്യമെന്നു തോന്നും വിധമാണ് ഈ മത്സരം നടത്തുക എന്നു മാത്രം.
 
ഇനി നമുക്ക് നമ്മുടെ കഥാപാത്രത്തിന്‍റെ ഭൂതകാലത്തിലേക്കുള്ള സൂചനകളൊന്നു പരിശോധിക്കാം.ഗംഗാധരന്‍റെ വലിയമ്മാമനായിരുന്നു ആ കുടുംബത്തിലെ ആദ്യത്തെ ഭ്രാന്തന്‍ എന്ന് സംഭാഷണമധ്യേ അയാള്‍ ഭാര്യയോട് പറയുന്നുണ്ട്. അതായത് ഗംഗാധരന്‍ വളര്‍ന്നു കൗമാരപ്രായത്തിലെത്തിയപ്പോള്‍ ന്യായമായും മരുമക്കത്തായ സമ്പ്രദായത്തിലുള്ള ആ വീട്ടില്‍ അന്നത്തെ കാരണവരായിരുന്ന ആള്‍. അയാളിലെ ആല്‍ഫാ മെയ്ല്‍ സൈക്കോയുടെ മുന്നിലെ‍ ആദ്യത്തെ ശത്രു ..! പഴങ്കഥകളുടെ കെട്ടഴിച്ചും പിന്നെ ബാലനോട് ചെയ്തതു പോലെ സൂത്രത്തില്‍ മന്ത്രവാദി വഴിയും വൈദ്യന്‍ വഴിയും നാടൊട്ടുക്ക് വാര്‍ത്ത പരത്തി അയാള്‍ തന്‍റെ അമ്മാവനെ ഭ്രാന്തനെന്നു മുദ്ര കുത്തി ചങ്ങലയില്‍ തളക്കുന്നു.
 
അങ്ങനെ ആ തറവാട്ടിലെ കാരണവരായി (ആ ഗ്രൂപ്പിലെ ആല്‍ഫയായി ) തത്കാലത്തേക്കൊന്നടങ്ങിയപ്പോഴാണ് അയാളെക്കാള്‍ സൗന്ദര്യവും കലാവാസനയുമൊക്കെയുള്ള അനുജന്‍ വളര്‍ന്നു വരുന്നത്. അനുജനായ ശ്രീധരന്‍ (ബാബു നമ്പൂതിരി അവതരിപ്പിച്ച കഥാപാത്രം) വിവാഹം കൂടി കഴിച്ച് കുടുംബത്തിലേക്ക് വന്നാല്‍ തനിക്ക് എതിരാളിയാകുമെന്ന് ഭയന്ന അയാള്‍ക്ക് പിന്നെ ക്ഷമിക്കാനായില്ല. അനുജന്‍ വിവാഹം കഴിക്കാനിരുന്ന പെണ്ണിനെ ഇരുട്ടിന്‍റെ മറവില്‍ കൊലപ്പെടുത്തിയ അയാള്‍ പതിയെ പഴയ ടെക്നിക്കുകളുപയോഗിച്ച് അനുജനേയും ചങ്ങലക്കിടുന്നതില്‍ വിജയിച്ചു. ഇതെല്ലാം അറിയുന്ന ആളാണെന്ന ബോധ്യമുള്ളതു കൊണ്ടാവാം മരിച്ചു കഴിഞ്ഞ് മുറിയുടെ വാതില്‍ക്കല്‍ ചെന്നു നില്‍ക്കുന്നതല്ലാതെ ഒരു സീനില്‍ പോലും ജ്യേഷ്ഠന്‍ തന്‍റെ അനുജനെ നേര്‍ക്കുനേര്‍ കാണുന്നില്ല.
 
പിന്നീട് സിനിമ തുടങ്ങുമ്പോള്‍ മുതല്‍ നമ്മള്‍ കാണുന്നത് കയ്യയച്ച് പെങ്ങളേയും കുടുംബത്തേയും സഹായിക്കുന്ന ഗംഗാധരനെയാണ്. ഇതിനു രണ്ട് വിശദീകരണങ്ങളുണ്ട്. ഒന്നുകില്‍ അയാളിലെ സൈക്കോയെ അഥവാ പ്രാകൃതമായ മെയ്ല്‍ വയലന്‍സിനെ ആരും തിരിച്ചറിയാതിരിക്കാനുള്ള അയാളിലെ തന്നെ സിവിലൈസ്ഡ് മനുഷ്യന്‍റെ പരാക്രമങ്ങളായി കാണാം. അതല്ലെങ്കില്‍ അയാളാഗ്രഹിക്കുന്ന പോലെ ആ വീട്ടിലെ അധികാരം കയ്യടക്കണമെങ്കില്‍ അയാള്‍ക്ക് അവിടെ ആ അന്ധവിശ്വാസങ്ങളുടെ ഒരു ബാക്ഗ്രൗണ്ട് നിലനിര്‍ത്തിയേ പറ്റൂ. അതയാളുടെ ആവശ്യമാണ്.
 
അയാള്‍ സ്വന്തം ഭാര്യയുടെ കമ്മലടക്കം വിറ്റ് പണം ചിലവിടുന്നതൊക്കെയും ആ വീട്ടിലെ മറ്റൊരാവശ്യത്തിനുമല്ല ,മറിച്ച് ഇത്തരം പൂജകള്‍ക്ക് വേണ്ടി മാത്രമാണെന്നോര്‍ക്കണം. മാത്രവുമല്ല ,ഇങ്ങനെ പണം കൊടുത്ത് സഹായിച്ച് അടുത്ത എതിരാളിയായി വളര്‍ന്നു വരുന്ന ബാലനെ തന്നോടു ബാധ്യതയുള്ളവനാക്കി തനിക്കു കീഴില്‍ നിര്‍ത്താമെന്നും അയാള്‍ പദ്ധതിയിടുന്നു.
 
ശ്രീധരന് വേണ്ടി താഴെ നടക്കുന്ന പൂജക്ക് ഗോപി (മുകേഷ് ) വരാതിരിക്കുമ്പോള്‍ ഇതിലൊന്നും വിശ്വാസമില്ലാത്തവര്‍ തനിക്കു ഭീഷണിയാകാം എന്ന അപകടം മണത്ത ഗംഗാധരന്‍ ബാലനെ വിട്ട് ഗോപിയെ വിളിപ്പിക്കുന്നു. ബാലന്‍റെ നിര്‍ബ്ബന്ധത്തിനും വഴങ്ങാതെ ഗോപി എഴുന്നേറ്റ് പോകുന്ന രംഗത്തില്‍ പാതി ഇരുട്ടില്‍ മറഞ്ഞ് നില്‍ക്കുന്ന തിലകന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം 'നീയാണടുത്ത എതിരാളി' എന്നു തന്നെയാണ്.
 
ഇളയവനായ ഗോപിയാവും തന്‍റെ അടുത്ത എതിരാളി എന്നു കരുതിയിരിക്കുമ്പോഴാണ് ശ്രീധരന്‍റെ മരണം. മരണം നടന്ന അന്നു രാത്രി‍ ആ മുറിയില്‍ പോയി നോക്കി നില്‍ക്കുന്ന സീനില്‍ തിലകന്‍റെ കണ്ണിലുള്ളത് അനുജന്‍ മരിച്ച ദുഃഖമല്ല. അടുത്ത ഇരയെ കുടുക്കാന്‍ പ്ലാനിടുന്ന ഒരു വേട്ടമൃഗത്തിന്‍റെ കുടിലതയാണ്.
 
ശ്രീധരനു ശേഷം ന്യായമായും മൂപ്പനുസരിച്ച് ബാലനാണല്ലോ കുടുംബത്തിലെ കാരണവര്‍. ഗോപിയാണെങ്കില്‍ എങ്ങനെയും വീടും നാടും വീട്ടുപേരു പോലും ഉപേക്ഷിച്ച് പോകാനിരിക്കുകയുമാണ്. അങ്ങനെ ഗോപിയല്ല ,ബാലനാണ് തന്‍റെ അടുത്ത എതിരാളി എന്നു തിരിച്ചറിഞ്ഞ അയാളിലെ സൈക്കോ ഒട്ടും വൈകാതെ ബാലന്‍ കണ്ട ഒരു സ്വപ്നത്തെ പിന്‍പറ്റി പണി തുടങ്ങുന്നു. മറ്റാരും അറിയും മുന്‍പ് അയാള്‍ തന്നെ പോയി സ്കൂളിലെ ഹെഡ്മാസ്റ്ററിലൂടെ വാര്‍ത്ത പരത്തുന്നു. തറവാട്ടിലെ അന്ധവിശ്വാസത്തില്‍ ഭയന്ന സ്ത്രീകളെ സ്വാധീനിച്ച് അയാള്‍ ജ്യോത്സ്യനെയും വൈദ്യരെയും വരുത്തുന്നു. നാട്ടുകാരെക്കൊണ്ട് ഭ്രാന്തനെന്ന് വിളിപ്പികയും ബാലന്‍റെ ജോലി കളയിക്കുകയും വരെ ചെയ്യുന്നു. തത്ഫലമായുണ്ടാകുന്ന മാനസികസംഘര്‍ഷത്തില്‍ ബാലന് താങ്ങും തണലുമായേക്കാന്‍ സാധ്യതയുള്ള ഭാര്യയേയും മക്കളേയും നിര്‍ബ്ബന്ധിച്ച് അയാളില്‍ നിന്നകറ്റുന്നു.
 
എന്നിട്ടും അടങ്ങാതെ കുടുംബത്തില്‍ നിന്ന് തന്‍റെ എതിരാളിയുടെ പേരേ വെട്ടാനുള്ള അവസാന ശ്രമത്തിന്‍റെ ഭാഗമായി സുമിത്രയ്ക്ക് ഒരു ചേട്ടനേ ഉള്ളൂ എന്നു കള്ളം പറഞ്ഞ് വിവാഹം നടത്തുന്നു. ഇതോടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ അയാളുടെ എതിരാളി ആയേക്കാവുന്നയാളെ തീര്‍ത്തും അദൃശ്യനാക്കി സംതൃപ്തനാവുകയാണ് തിലകനിലെ ആല്‍ഫാമെയ്ല്‍.
 
ഗോപി വീടു വിട്ടു പോകുമ്പോള്‍ സന്തോഷിക്കുന്ന അയാള്‍ ഒരാവശ്യവുമില്ലാതെ സ്വന്തം ഇന്നസെന്‍സ് തെളിയിക്കാന്‍ ശ്രമിക്കുകയാണ് ഗോപിയോടുള്ള അവസാനത്തെ സംഭാഷണത്തില്‍. ഇത്തരം സൈക്കോപാത്തുകളുടെ ഒരു സവിശേഷതയാണിത്. അവര്‍ ചെയ്യുന്ന വയലന്‍സിനെ ബാലന്‍സ് ചെയ്യാന്‍ അവരുടെ മനസ്സ് കണ്ടെത്തുന്ന ഒരു സൂത്രം.(ഷമ്മി ഭാര്യയെ 'മോളേ ' എന്ന് വിളിക്കുന്നതും ഗംഗ നാഗവല്ലിയല്ലാത്ത സമയങ്ങളില്‍ നകുലനോട് കാണിക്കുന്ന സ്നേഹവും ഓര്‍ക്കുക) ഗോപി പോയതിനു ശേഷം ദുഃഖിതരായ സ്ത്രീകളോട് തിരിഞ്ഞ് 'എല്ലാവരും പോയി അല്ലേ' എന്നു ചോദിക്കുന്ന സമയത്തെ അയാളുടെ ഭാവം കരച്ചിലിലൊളിപ്പിച്ചു വെച്ച ചിരിയുടേതാണ്. ഒരുപക്ഷേ തിലകന്‍റെ അഭിനയജീവിതത്തിലെ അത്രയേറെ യുണീക്ക് ആയൊരു പ്രകടനം. (താഴെ ഇടതുവശത്തുള്ള ചിത്രം നോക്കുക )
 
എന്നാല്‍ തിലകനിലെ വന്യവും പ്രാകൃതവുമായ ഈ വയലന്‍സിനെ ബാലന്‍ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. അപ്പോളയാള്‍ ജീവിതത്തിലാദ്യമായി അമ്മാവന്‍റെ നേരെ കൈചൂണ്ടി അലറുന്നു. അയാളുടെ മുഖത്തു നോക്കി എല്ലാവരുടെയും മുന്നില്‍ വച്ച് സത്യങ്ങളെല്ലാം തുറന്നു പറയുന്നു. കള്ളി വെളിച്ചത്താകുമെന്ന് ന്യായമായും ഭയന്ന ഗംഗാധരന്‍ ആളുകളെ കൂട്ടി കാറു വിളിച്ച് ബാലന്‍റെ പിന്നാലെ ചെല്ലുകയും ഭാര്യവീട്ടില്‍ നിന്ന് അയാളെ പിടികൂടി ഭ്രാന്താശുപത്രിയിലാക്കി ഷോക്കടിപ്പിക്കുകയും ചെയ്യുന്നു.
 
ഷോക്ക് ട്രീറ്റ്മെന്‍റിനു ശേഷം തിരിച്ചെത്തുന്നത് 'ആ വീട്ടില്‍ നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ സംഭവങ്ങള്‍ക്കും അര്‍ത്ഥ'മുണ്ടെന്ന് മനസ്സിലാക്കിയ പുതിയൊരാളായാണ്. മുറിയിലടക്കുന്ന ഗംഗാധരന് ബാലന്‍ തന്‍റെ കാലു നീട്ടി കൊടുക്കുന്നുണ്ട്. തന്നെ ചങ്ങല വരെയെത്തിച്ച അയാളുടെ പ്ലാനുകള്‍ ബാലന് കൃത്യമായും മനസ്സിലായി എന്നു തിരിച്ചറിയുന്ന ആ സീനില്‍ ഗംഗാധരന്‍റെ മുഖത്തുള്ളത് പിടിക്കപ്പെട്ടവന്‍റെ ജാള്യതയാണ്.(മുകളിലത്തെ ചിത്രം )
 
അങ്ങനെ എല്ലാം തന്‍റെ വരുതിയിലായ ആവേശത്തിലും ഉത്സാഹത്തിലും ബാലനെ ഭ്രാന്തനായി അവരോധിക്കുന്ന പരിപാടിയുടെ അവസാന ഒരുക്കങ്ങള്‍ നടത്തവേയാണ് ആ സീനിലേക്ക് ബാലന്‍റെ ഭാര്യയും മക്കളും തിരികെയെത്തുന്നത്. മുത്തശ്ശി ഓടിയെത്തി വളരേ സന്തോഷത്തോടെ ഇവരെ എതിരേല്‍ക്കുമ്പോള്‍ പക്ഷേ നമ്മുടെ സൈക്കോയുടെ മുഖത്ത് സന്തോഷമല്ല ,ഒരു ഞെട്ടലാണ്. ഇവരുടെ സ്നേഹസാമീപ്യം ബാലന് കരുത്തേകുമോ ,തന്‍റെ പദ്ധതികള്‍ പൊളിയുമോ എന്നൊക്കെയുള്ള ഭയം മറച്ചു വെച്ചു കൊണ്ട് അയാള്‍ അവരെ ബാലനരികിലേക്ക് കൂട്ടി കൊണ്ടു പോകുന്നു.
 
അവിടെ ബാലന്‍റേയും അമ്മയുടേയും ശവങ്ങള്‍ കാണുന്ന ക്ലൈമാക്സ് സീനില്‍ ക്യാമറ ഫോക്കസ് ചെയ്യുന്നതും ഗംഗാധരനിലേക്കാണ്. ഇനി ആ മൂന്നാമത്തെ ചിത്രത്തിലേക്കൊന്ന് സൂക്ഷിച്ചു നോക്കിയേ. ഇതല്ലേ മലയാളസിനിമ കണ്ട ഏറ്റവും ബ്രില്യന്‍റായ സൈക്കോ കഥാപാത്രം ...!

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിലാൽ ജോൺ കുരിശിങ്കൽ - അതൊരു ജിന്നാണ് ! വില്ലൻ ഫഹദ് ഫാസിൽ?