Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ്‌മയിപ്പിക്കുന്ന ഹേയ് ജൂഡ്; റിവ്യൂ

വിസ്‌മയിപ്പിക്കുന്ന ഹേയ് ജൂഡ്; റിവ്യൂ

വിസ്‌മയിപ്പിക്കുന്ന ഹേയ് ജൂഡ്; റിവ്യൂ
, വെള്ളി, 2 ഫെബ്രുവരി 2018 (20:50 IST)
ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. ഒരു വ്യക്തിയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവന്റെ വികാര വിചാരങ്ങള്‍ വലിച്ച് പുറത്തിടുകയും ചെയ്യുന്നതില്‍ അസാധ്യമായ മിടുക്ക് പുലര്‍ത്തുന്ന സംവിധായകനാണ് അദ്ദേഹം. സമകാലിക സിനിമകളില്‍ നിന്നും മാറിനടക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ പ്രേഷക മനസിനെ വേറിട്ട വഴിയിലൂടെ നടത്തി കൊണ്ടു പോകുന്ന കാര്യത്തില്‍ വിജയം കാണുകയും ചെയ്യാന്‍ ശ്യാമപ്രസാദിന് എന്നും കഴിഞ്ഞിട്ടുണ്ട്.

യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ജീവിത ഗന്ധിയായ സിനിമാ സമ്മാനിച്ചിരിക്കുകയാണ് ‘ഹേയ് ജൂഡ്’ എന്ന സിനിമയിലൂടെ ശ്യാമപ്രസാദ്. പതിവില്‍ നിന്നും വ്യത്യസ്ഥമായി ലളിതമായി കഥ പറയുകയും എന്നാല്‍ പ്രേഷക മനസിന്റെ താളത്തിനൊപ്പം നീങ്ങുകയും ചെയ്യുന്ന മനോഹരമായ സിനിമയെന്ന് ഹേയ് ജൂഡിനെ വിശേഷിപ്പിക്കാം.

‘ഹേയ് ജൂഡ്’ ഒരുക്കുന്ന വിസ്‌മയം:-

ട്വിസ്‌റ്റുകളോ വൈകാരികമായ നിമിഷങ്ങളോ എത്തിനോക്കാന്‍ പോലും മടിക്കുകയും എന്നാല്‍ നർമത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുകയും ചെയ്യുന്ന സിനിമയാണ് ഹേയ് ജൂഡ്. ഒരു ആംഗ്ലോ ഇന്ത്യന്‍ ക്രൈസ്തവ കുടുംബത്തിലെ അംഗമായ നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളാണ് പ്രേഷകരില്‍ കൌതുക മുണര്‍ത്തുന്നതും കഥയെ മുന്നോട്ട് നയിക്കുന്നതും.

‘ഒരു പിരി’ പോയവന്‍ എന്നു തോന്നിപ്പിക്കുകയും എന്നാല്‍ അവന്റേതായ മേഖലകളില്‍ സകലരെയും അതിശയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ലോക സിനിമകളില്‍ ധാരാളമുണ്ട്. അത്തരത്തിലൊരു നായകനെയാണ് ശ്യാമപ്രാസാദ് ജൂഡിലും അവതരിപ്പിച്ചിരിക്കുന്നത്.

പെരുമാറ്റത്തില്‍ മാത്രമല്ല നോട്ടത്തിലും വാക്കിലും ജീവിത രീതിയില്‍ പോലും ജൂഡ് വ്യത്യസ്ഥനാണ്. സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുകയും എന്നാല്‍ ആരുമായും കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ മടി കാണിക്കുകയും ചെയ്യുന്ന ജൂഡ് ഒരു ഘട്ടത്തില്‍ പോലും മടിപ്പിക്കില്ല.

ഫോർട്ട് കൊച്ചിയിൽ ഗോവയില്‍ എത്തിച്ചേരുമ്പോള്‍ ജൂഡിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ കാതല്‍. ഏതു നിമിഷവും കഥയും കഥാപാത്രവും വ്യതിചലിക്കുന്ന വമ്പന്‍ ട്വിസ്‌റ്റുകളൊന്നും ജുഡിന് അവകാശപ്പെടാനില്ല. എന്നാല്‍, ഗോവയില്‍ എത്തിച്ചേരുന്ന നായകന്‍ അവന്റേതായ കഴിവുകള്‍ പുറത്തെടുത്ത് തികഞ്ഞൊരു നായകനാകുന്നുണ്ട്. ചെറിയ സംഭാഷണങ്ങളും നിമിഷങ്ങളുമാണ് തുടക്കം മുതല്‍ ഉള്ളതെങ്കിലും സിനിമയുടെ രസച്ചരട് ഒരിടത്തും മുറിയുന്നില്ല എന്നത് ജൂഡിന്റെയും സംവിധായകന്റെയും കഴിവാണ്.

സിനിമയുടെ സ്വാഭാവികത ചോരാതിരിക്കാന്‍ സംവിധായകന്‍ ജൂഡില്‍ പ്രത്യേകം ശ്രദ്ധ കാണിച്ചിട്ടുണ്ട്. സാധരണക്കാരന്റെ  പച്ചയായ സ്വാഭാവിക സംഭാഷണങ്ങളും കൂടിച്ചേരലുകളുമാണ് ഹേയ് ജൂഡില്‍ ഹാസ്യത്തിന്റെ മേമ്പൊടി വിതറുന്നത്.

തൃഷയും മറ്റു താരങ്ങളും:-

ഒരു ഗോവന്‍ മലയാളി പെണ്‍കുട്ടിയുടെ കുപ്പായമണിഞ്ഞ് എത്തുന്ന തൃഷ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെ ആസ്വദിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്ക് പ്രകടിപ്പിച്ചിട്ടുണ്ട്. നിവിന്റെ ജൂഡ് എന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കാന്‍ പല സന്ദര്‍ഭങ്ങളിലും തൃഷയ്‌ക്ക് സാധിച്ചു.

കുറച്ചു സീനുകളില്‍ മാത്രമെത്തി പ്രേഷകരില്‍ ഉന്മേഷം പകരാന്‍ അജു വര്‍ഗീസ് ചെയ്‌ത വേഷത്തിന് സാധിച്ചപ്പോള്‍ സിദ്ദിഖ് അവതരിപ്പിച്ച ഡൊമിനിക്ക് പതിവ് പോലെ അതിശയിപ്പിക്കുന്നുണ്ട്. അടുത്ത കാല സിനിമകളില്‍ പലതിലും ടൈപ്പ് വേഷങ്ങള്‍ ചെയ്യേണ്ടി വന്നെങ്കിലും കയ്യടി നേടുന്നതില്‍ സിദ്ദിഖിനുള്ള മിടുക്ക് മറ്റാര്‍ക്കും അവകാശപ്പെടാനില്ല. ഹേയ് ജൂഡിലും പ്രേക്ഷകനെ ചിരിപ്പിക്കാനും കരയിക്കാനും അദ്ദേഹത്തിന്റെ അഭിനയ മികവിന് സാധിച്ചിണ്ടുണ്ട്.

നിര്‍മ്മല്‍ സഹദേവൻ, ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥയും ശ്യാമപ്രസാദിന്റെ സംവിധായക മികവും ഒത്തുച്ചേര്‍ന്ന 145 മിനിറ്റുള്ള ഹേയ് ജൂഡ് വലിയ ആഘോഷങ്ങളില്ലാതെ പ്രേഷകരെ സംതൃപ്‌തരാക്കുമെന്നതില്‍ സംശയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിരത്നത്തിന്റെ വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയത് ഇക്കാരണങ്ങളാല്‍