കൊച്ചി: രാഹുൽ ഈശ്വറിനെതിരെ വീണ്ടും ഹണി റോസ് രംഗത്ത്. രാഹുൽ സൈബർ ഇടത്തിൽ ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുന്നുവെന്ന് ഹണി റോസ് ആരോപിച്ചു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നും ചൂണ്ടിക്കാട്ടിയ ഹണി റോസ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
താൻ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിയാനുമുള്ള കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നതെന്ന് താരം ആരോപിച്ചു. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണ്. അതിനെതിരെ രാഹുല്‍ ഈശ്വര്‍ സൈബർ ഇടത്തിൽ നടത്തുന്ന അനാവശ്യ പ്രചാരണങ്ങൾ ആളുകൾ തനിക്കെതിരെ തിരിയാൻ കാരണമായി. തന്റെ മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറി തന്നെയും സ്ത്രീത്വത്തെയും രാഹുൽ ഈശ്വർ അപമാനിച്ചുവെന്നും ഹണി റോസ് ആരോപിച്ചു.
കഴിഞ്ഞ ദിവസവും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ചാനൽ ചർച്ചകളിൽ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചും രാഹുൽ ഈശ്വർ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് 2 ദിവസം മുൻപ് ഹണി റോസ് രംഗത്തെത്തിയത്. താങ്കളുടെ ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് ഹണിറോസ് വിമർശിച്ചിരുന്നു.