'വേറെ ഒരു നടനും ഇങ്ങനെ ചെയ്യില്ല'; ജയം രവിയെ പുകഴ്ത്തി നിത്യ മേനൻ
മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നായികയായ നിത്യ മേനന്റെ പേരാണ് പോസ്റ്ററില്‍ ആദ്യം എഴുതിയിരിക്കുന്നത്.
കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന 'കാതലിക്ക നേരമില്ലൈ' ജനുവരി 14 ന് റിലീസ് ആകും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നായികയായ നിത്യ മേനന്റെ പേരാണ് പോസ്റ്ററില്‍ ആദ്യം എഴുതിയിരിക്കുന്നത്. ഇതിൽ പ്രതികരിക്കുകയാണ് നടി.
നായികയുടെ പേര് ഇത്തരത്തില്‍ ആദ്യം വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അത്ര കണ്ട് പരിചയമുള്ള കാര്യമല്ല. ജയം രവി ചെയ്തത് വളരെ നല്ലൊരു കാര്യമാണെന്ന് പറയുകയാണ് നിത്യ മേനന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് നടിയുടെ പ്രതികരണം.
ഈ പോസ്റ്റില്‍ നായികയുടെ പേര് ആദ്യം എഴുതിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് തന്നെയാണ്. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു കാര്യം അധികം കാണാന്‍ സാധ്യതയില്ല. ഏത് സിനിമയിലും എത്ര പ്രധാന്യമുള്ള സ്ത്രീ കഥാപാത്രമാണെങ്കിലും അവരുടെ പേര് രണ്ടാമതായിട്ടായിരിക്കും കാണിക്കുക. സിനിമയില്‍ മാത്രമല്ല, ബാക്കി എല്ലാ മേഖലയിലും ഈ പാട്രിയാര്‍ക്കി കാണാന്‍ സാധിക്കും.
അതിനെ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃതിക ഇത്തരമൊരു നീക്കം നടത്തിയത്. അതിനൊപ്പം ജയം രവി നില്‍ക്കുക എന്നതും വലിയൊരു കാര്യമാണ്. വേറെ ഏതെങ്കിലും നടന്‍ അങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല. എന്തായാലും ജയം രവിയും ഈ സ്‌റ്റേറ്റ്‌മെന്റിന്റെ കൂടെയാണെന്ന് കണ്ടപ്പോള്‍ സന്തോഷം മാത്രം, നിത്യ മേനന്‍ പറഞ്ഞു.