2024 ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. നിലവിൽ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റാണ് ഈ ചിത്രം. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി. ശ്രീനാഥ് ഭാസി, ഗണപതി, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഈ സിനിമയുമായി ബന്ധപ്പെട്ട് അണിയറയിൽ നടന്ന ഒരു സംഭവം പറയുകയാണ് ആസിഫ് അലി.
ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുബാഷ് എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയാണ് എന്നാണ് ആസിഫ് പറയുന്നത്.
പിന്നെ പല ചർച്ചകൾക്കും ശേഷം മാറുകയായിരുന്നു എന്ന് ആസിഫ് അലി പറഞ്ഞു. ആദ്യസിനിമ മുതൽ ചിദംബരവുമായി തനിക്ക് ബന്ധമുണ്ടെന്ന് ആസിഫ് പറയുന്നു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ചിദുവിന്റെ (ചിദംബരം) ആദ്യ സിനിമ മുതൽ ഞങ്ങൾ സംസാരിക്കുന്നതാണ്. മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു. പിന്നെ പല ചർച്ചകൾക്കും ശേഷം, അത് ആ സിനിമയ്ക്ക് ഒരു ബാധ്യതയാകാൻ സാധ്യതയുണ്ട് എന്നതിനാൽ ആ കഥാപാത്രം മാറുകയായിരുന്നു. ചിദുവുമായി ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ചിദുവും ഗണുവും (ഗണപതി) എന്റെ അടുത്ത സുഹൃത്തുക്കളാണ്,' എന്ന് ആസിഫ് അലി പറഞ്ഞു.