Select Your Language

Notifications

webdunia
webdunia
webdunia
webdunia

Malayalam Actors in 2024: പരാജയമറിയാതെ മമ്മൂട്ടി, ഞെട്ടിച്ച് ആസിഫ് അലി; 2024 ലെ നിങ്ങളുടെ വോട്ട് ആര്‍ക്ക്?

2023 പോലെ ഈ വര്‍ഷവും തന്റേതാക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു

Tovino Thomas, Mammootty and Asif Ali

രേണുക വേണു

, തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (08:40 IST)
Tovino Thomas, Mammootty and Asif Ali

Malayalam Actors in 2024: മലയാള സിനിമയുടെ ഖ്യാതി പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായ വര്‍ഷമാണ് 2024. ബോക്‌സ്ഓഫീസില്‍ മാത്രമല്ല കാമ്പുള്ള സിനിമയുടെ കാര്യത്തിലും 2024 തിളങ്ങി നില്‍ക്കുന്നു. മമ്മൂട്ടി മുതല്‍ ആസിഫ് അലി വരെയുള്ള സൂപ്പര്‍താരങ്ങള്‍ ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 
 
2023 പോലെ ഈ വര്‍ഷവും തന്റേതാക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. ജയറാം നായകനായ 'അബ്രഹാം ഓസ്ലര്‍' ആണ് 2024 ല്‍ റിലീസ് ചെയ്ത മമ്മൂട്ടി അഭിനയിച്ച ആദ്യ സിനിമ. കാമിയോ റോളിലാണ് മമ്മൂട്ടി എത്തിയത്. കാര്യമായി പെര്‍ഫോമന്‍സിനുള്ള സാധ്യതകള്‍ ഇല്ലായിരുന്നെങ്കിലും 'ഓസ്ലര്‍' തിയറ്ററുകളില്‍ സാമ്പത്തികമായി വിജയിച്ചതിനു പ്രധാന കാരണം മമ്മൂട്ടിയുടെ സാന്നിധ്യമാണ്. ഡോ.അലക്‌സാണ്ടര്‍ എന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. ഏതാണ്ട് 40 കോടിക്കു മുകളില്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കു സാധിച്ചു. 
 
തൊട്ടുപിന്നാലെ ഭ്രമയുഗത്തിലൂടെ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഫെബ്രുവരി 15 നു റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായും വിജയം നേടി. വില്ലനായി മമ്മൂട്ടി തകര്‍ത്തപ്പോള്‍ മലയാളത്തിനു പുറത്തും ഭ്രമയുഗം ചര്‍ച്ചയായി. 2024 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയെന്ന് പ്രേക്ഷകര്‍ കരുതുന്നു. തൊട്ടുപിന്നാലെ വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ'യിലൂടെ മമ്മൂട്ടി കോടികള്‍ വാരി. പക്കാ മാസ് എന്റര്‍ടെയ്‌നര്‍ ആയ ടര്‍ബോയില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ പ്രായത്തിലും ഫൈറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്കു സാധിക്കുമെന്ന് മമ്മൂട്ടി തെളിയിച്ചു. ബോക്‌സ്ഓഫീസില്‍ 85 കോടിയോളം ചിത്രം കളക്ട് ചെയ്തു. ചുരുക്കി പറഞ്ഞാല്‍ 2024 ല്‍ മമ്മൂട്ടി അഭിനയിച്ച മൂന്ന് സിനിമകളും സാമ്പത്തിക വിജയം നേടി. 
 
മമ്മൂട്ടി കഴിഞ്ഞാല്‍ ആസിഫ് അലിയാണ് 2024 ല്‍ ഞെട്ടിച്ച മറ്റൊരു സൂപ്പര്‍താരം. കേവലം ബോക്‌സ്ഓഫീസ് വിജയത്തിനപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തു ഞെട്ടിക്കാന്‍ ആസിഫിനും ഈ വര്‍ഷം സാധിച്ചു. ജിസ് ജോയ് സംവിധാനം ചെയ്ത 'തലവന്‍' ആണ് 2024 ല്‍ ആസിഫിനു വലിയൊരു ബ്രേക്ക് നല്‍കിയത്. സാമ്പത്തികമായി വിജയിച്ചതിനൊപ്പം തലവനിലെ ആസിഫ് അലിയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടി. തുടര്‍ പരാജയങ്ങളില്‍ നിന്ന് ആസിഫിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു തലവനിലേത്. അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ലെവല്‍ ക്രോസ്, നഹാസ് നാസര്‍ സംവിധാനം ചെയ്ത അഡിയോസ് അമിഗോ എന്നിവയും ഈ വര്‍ഷം റിലീസ് ചെയ്ത ആസിഫ് അലി ചിത്രങ്ങളാണ്. ബോക്‌സ്ഓഫീസില്‍ ഈ രണ്ട് സിനിമകളും പരാജയമായിരുന്നു. എന്നാല്‍ അഭിനയം കൊണ്ട് ആസിഫ് ഈ രണ്ട് സിനിമയിലേയും കഥാപാത്രങ്ങളെ പൂര്‍ണതയില്‍ എത്തിച്ചു. ഈ വര്‍ഷം റിലീസ് ചെയ്ത ആസിഫ് അലിയുടെ അവസാന ചിത്രമാണ് ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ കിഷ്‌കിന്ധാ കാണ്ഡം. ഈ സിനിമ ബോക്‌സ്ഓഫീസില്‍ വലിയ വിജയമായി. ഏതാണ്ട് 75 കോടിയിലേറെ സിനിമ കളക്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല ആസിഫ് അലിയുടെ അജയ് ചന്ദ്രന്‍ എന്ന കഥാപാത്രം പ്രേക്ഷകരില്‍ വലിയ നീറ്റലുണ്ടാക്കി. വ്യത്യസ്തമായ നാല് കഥാപാത്രങ്ങളിലൂടെ 2024 ലെ മികച്ച നടനാകാന്‍ ആസിഫ് അലിയും മത്സരരംഗത്ത് ഉണ്ടാകും. 
 
ആടുജീവിതത്തിലൂടെ പൃഥ്വിരാജ് ഞെട്ടിച്ച വര്‍ഷമാണ് 2024. നജീബ് എന്ന കഥാപാത്രത്തിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച് പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏറെ പ്രശംസനീയമായിരുന്നു. മികച്ച പ്രകടനത്തിനൊപ്പം 150 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കാനും ഈ പൃഥ്വിരാജ് ചിത്രത്തിനു സാധിച്ചു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ ആണ് ഈ വര്‍ഷം റിലീസ് ചെയ്ത മറ്റൊരു പൃഥ്വിരാജ് ചിത്രം. ഈ സിനിമയും തിയറ്ററില്‍ വിജയമായി. 
 
ആവേശത്തിലെ രംഗണ്ണനായി ഫഹദ് ഫാസില്‍ കസറിയ വര്‍ഷമാണ് 2024. ഫഹദിന്റെ കഥാപാത്രത്തിനു മാത്രം വലിയ ഫാന്‍ ബേസ് രൂപപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ രംഗന്‍ എന്ന കഥാപാത്രമായി അഴിഞ്ഞാടുകയായിരുന്നു ഫഹദ്. മലയാളത്തിനു പുറത്തും ആവേശം വലിയ വിജയമായി. അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയാണ് ഫഹദിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത മറ്റൊരു മലയാള സിനിമ. ഡേവിഡ് കോശി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. സിനിമ ബോക്‌സ്ഓഫീസില്‍ ശരാശരി പ്രകടനത്തില്‍ ഒതുങ്ങിയപ്പോള്‍ ഫഹദിന്റെ കഥാപാത്രവും വലിയ ഇംപാക്ട് ഉണ്ടാക്കിയില്ല. രജനികാന്തിനൊപ്പം വേട്ടയ്യനിലും അല്ലു അര്‍ജുന്റെ വില്ലനായി പുഷ്പ 2 വിലും ഫഹദ് ഈ വര്‍ഷം അഭിനയിച്ചു. 
 
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കില്‍ ആയതിനാല്‍ മോഹന്‍ലാലിന്റേതായി ഒരു സിനിമ മാത്രമാണ് ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' ആണ് അത്. ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും വാലിബന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ മികച്ചതാക്കി. സമീപകാലത്തെ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് വാലിബനിലേത്. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 നു എത്തും. ലാല്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
ടൊവിനോ തോമസിന്റെ കരിയറിലും മികച്ചതായി അടയാളപ്പെടുത്തുന്ന വര്‍ഷമാണ് 2024. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമ തിയറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും ടൊവിനോയുടെ പ്രകടനം നിരൂപക പ്രശംസ നേടി. നടികര്‍ എന്ന സിനിമ പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോ ഞെട്ടിച്ചു. 100 കോടിയിലേറെ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ എആര്‍എമ്മിനു സാധിച്ചു. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ ടൊവിനോ മികച്ചതാക്കി. 
 
കല്‍ക്കി 2898 AD, ലക്കി ഭാസ്‌കര്‍ എന്നീ മറുഭാഷ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്തത്. രണ്ടും ബോക്‌സ്ഓഫീസില്‍ വലിയ വിജയമായി. കല്‍ക്കിയില്‍ ദുല്‍ഖറിനു കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലക്കി ഭാസ്‌കറിലെ നായകവേഷം ദുല്‍ഖറിലെ താരത്തേയും അഭിനേതാവിനെയും തൃപ്തിപ്പെടുത്തുന്ന വിധമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണമെന്ന് വിനയന്‍