ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു 'കിംഗ് ഓഫ് കൊത്ത'. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം പക്ഷെ തിയേറ്ററിൽ പരാജയപ്പെടുകയായിരുന്നു. മോശം തിരക്കഥയായിരുന്നു വിമർശനങ്ങൾക്ക് കാരണം. ഏറെ ട്രോളുകൾ വരികയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ വീഴ്ചയിൽ ആളുകൾക്ക് സന്തോഷം ആയിരുന്നെന്നും എന്നാൽ തനിക്ക് ആ സിനിമ കാരണമാണ് നേട്ടങ്ങൾ ഉണ്ടായെതെന്നും പറയുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്.
കൊത്ത കാരണമാണ് തെലുങ്കിൽ അവസരങ്ങൾ ലഭിച്ചതെന്നും സൂപ്പർ സ്റ്റാർ സിനിമകളിൽ പോലും സിനിമയുടെ ബിജിഎം റഫറൻസായി എടുക്കുന്നുണ്ടെന്നും ജേക്സ് ബിജോയ് പറഞ്ഞു. തനിക്ക് കൊത്ത ഒരു പരാജയ ചിത്രമെല്ലെന്നും ആ സിനിമയിൽ പ്രവർത്തിച്ചവർക്കെല്ലാം ആ സിനിമ കാരണം ഉപകാരം ഉണ്ടായിട്ടുണെന്നും ജേക്സ് ബിജോയ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കൊത്ത കാരണമാണ് തെലുങ്കിൽ പലരും എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. കൊത്തയുടെ ബിജിഎം മിക്ക സൂപ്പർ സ്റ്റാർ സിനിമകളിലും റെഫെറൻസ് ആയി എടുക്കുന്നുണ്ടെന്ന് എഡിറ്റേഴ്സ് എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ മോഷൻ പോസ്റ്റർ കണ്ടിട്ടാണ് നാനി എന്നെ 'സരിപോധാ ശനിവാര'ത്തിൽ എന്നെ വിളിക്കുന്നത്. എന്റെ കരിയറിൽ എന്നെ വളർത്തിയതിൽ കൊത്ത ഒരുപാട് സാഹിയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൊത്ത പരാജയ ചിത്രമായി ഞാൻ ഒരിക്കലും പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം ആ പടത്തിൽ നിന്ന് നല്ലതേ വന്നിട്ടുള്ളൂ. ദേവ, അല്ലെങ്കിൽ അടുത്ത ഞാൻ ചെയ്യാൻ പോകുന്ന ചിത്രമായാലും അതൊക്കെ ഈ സിനിമയിൽ നിന്ന് കിട്ടിയതാണ്, എല്ലാവരും എന്നെ അറിയുന്നത് കിംഗ് ഓഫ് കൊത്തയിലൂടെയാണ്.
ദുൽഖറിനും സിനിമ ഗുണം ചെയ്തിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ വന്നു. അടുത്തതായി ഇറങ്ങാനിരിക്കുന്ന കാന്തയുടെ ചില ഫൂട്ടേജുകൾ ഞാൻ കണ്ടു. അതിശയിപ്പിക്കുന്നതാണ് ആ സിനിമയിൽ ദുൽഖർ എടുത്തിട്ടുള്ള എഫോർട്ട്. കൊത്ത വിജയിക്കാതെ വന്നപ്പോഴുള്ള നെഗറ്റീവ് കമെന്റ്‌കളും ഹേറ്റുമാണ് അതിശയിപ്പിച്ചത്. എന്തോ ആളുകൾക്ക് സന്തോഷം കിട്ടിയപോലെയായിരുന്നു കൊത്ത വീണപ്പോൾ. അങ്ങനെ പാടില്ലായിരുന്നു', ജേക്സ് ബിജോയ് പറഞ്ഞു.