ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'സീതാരാമം' എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ തരംഗമായ നടിയാണ് മൃണാൾ താക്കൂർ. ഇപ്പോൾ മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മൃണാൽ. താൻ മമ്മൂട്ടിയുടെ ആരാധികയാണെന്ന് തുറന്ന് പറഞ്ഞ നടി മമ്മൂട്ടിയെ റോക്ക് സ്റ്റാർ എന്നും വിശേഷിപ്പിച്ചു. മെറാൾഡ് ജൂവൽസ് കോഴിക്കോട് ബ്രാഞ്ചിന്റെ ഉദ്ഘാടന വേദിയിലാണ് നടിയുടെ പ്രതികരണം.
'മമ്മൂക്കയുടെ ആരാധികയാണ് ഞാൻ. അദ്ദേഹത്തിന്റ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അദ്ദേഹം കൈകാര്യം ചെയ്ത എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അദ്ദേഹം ഒരു റോക്ക് സ്റ്റാറാണ്,' മൃണാൽ താക്കൂർ പറഞ്ഞു.
മലയാള സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവും നടി പങ്കുവെച്ചിട്ടുണ്ട്. 'ഞാൻ ദുൽഖറിനോട് എപ്പോഴും പറയാറുണ്ട്, നമുക്ക് മലയാളത്തിൽ സിനിമ ചെയ്യണമെന്ന്. രസകരമായ ചിത്രങ്ങൾ ചെയ്യണം. നല്ലൊരു സ്ക്രിപ്റ്റ് വന്നാൽ ഉറപ്പായും ചെയ്യും. മലയാളം സംസാരിച്ചുകൊണ്ട് അടുത്തുള്ള തിയേറ്ററുകളിൽ ഉടൻ തന്നെ പ്രതീക്ഷിക്കാം,' മൃണാൽ പറഞ്ഞു.