ബിഗിൽ റിലീസ് വൈകിയതിന്റെ പേരിൽ തീയറ്റർ തല്ലിതകർത്ത സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി കസ്‌തൂരി. കസ്തൂരിയുടെ പരാമർശം തമിഴ് സിനിമാ രംഗത്ത് വലിയ ചർച്ചക്ക് തന്നെ വഴി തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാന് അറ്റ്ലി വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗിൽ ദീപാവലി ചിത്രമായി തീയറ്ററുകളിൽ എത്തിയത്. എന്നാൽ റിലീസ് വൈകി എന്നരോപിച്ച് ഒരുകൂട്ടം യുവാക്കൾ കൃഷ്ണഗിരിയിലെ ഒരു തിയ്യറ്റർ അടിച്ചുതകർക്കുകയായിരുന്നു.
'ബിഗിൽ എന്തൊക്കെ റെക്കോർഡ് സ്വന്തമാക്കിയാലും തീയറ്റർ തല്ലിത്തകർത്ത സംഭവത്തിന്റെ പേരിലായിരിക്കും സിനിമ അറിയപ്പെടുക. വിജയ്‌യോട് വിരോധമുള്ളവരാണ് ഇതെല്ലാം ചെയ്തത് എന്ന് വാദിക്കാമായിരിക്കും, പക്ഷേ സത്യം എല്ലാവർക്കും അറിയാം. ഒരു യഥാർത്ഥ ആരാധകൻ തന്റെ അരാധന ബിംബത്തിന് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവർത്തിയും ചെയ്യില്ല' കസ്തൂരി ട്വിറ്ററിൽ കുറിച്ചു.
ഒരു കുട്ടിയോ സ്ത്രീയോ പോലും അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അക്രമികളെല്ലാം തന്നെ യുവ പുരുഷ കേസരികളായിരുന്നു. ഇതാണോ തമിഴ്നാടിന്റെ ഭാവി എന്നും കസ്തൂരി ചോദിക്കുന്നു. നിരവധി പേർ കസ്തൂരിയെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.