Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി കെസിബിസി

സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി കെസിബിസി

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 ഓഗസ്റ്റ് 2024 (16:52 IST)
സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി കെസിബിസി ജാഗ്രത സമിതി. സ്വവര്‍ഗ അനുരാഗത്തിനു വേണ്ടി വാദിക്കുന്ന ഒരു ചിത്രത്തിന് മികച്ച ചലച്ചിത്രം എന്ന ബഹുമതി നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് കെസിബിസി ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ചോദിച്ചു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനാല്‍ കാതലിന്റെ പ്രമേയം സ്വീകാര്യമാകുമോ എന്ന് കെസിബിസി ചോദിക്കുന്നു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
 
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്  ലഭിച്ചതിനാല്‍ 'കാതലിന്റെ' പ്രമേയം സ്വീകാര്യമാകുമോ? 
'പരമ്പരാഗത മാനുഷിക ബന്ധങ്ങള്‍ക്ക് അതീതമായി, മാറുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ അതിസൂക്ഷ്മമായും അതിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്‌കാരം.' മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാതല്‍ ദ കോര്‍' എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ബഹു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകളാണിവ. അതേ ചലച്ചിത്രത്തിന്റെ രചയിതാവായ ആദര്‍ശ് സുകുമാരനാണ് മികച്ച കഥാരചനയ്ക്കുള്ള അവാര്‍ഡ്. 'ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉള്‍ച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാ ചാതുരി.' എന്നാണ് അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ശ്രീ സജി ചെറിയാന്‍ രചനയെ വിശേഷിപ്പിച്ചത്. 
 
സ്വവര്‍ഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് കാതല്‍ എന്ന സിനിമയുടെ കഥാ തന്തു. ലൈംഗികതയ്ക്ക് നല്‍കപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവര്‍ഗ്ഗ ലൈംഗികത എന്ന 'പുരോഗമനപരമായ' ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവര്‍ഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേര്‍ത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും 'മഹത്വ'വുമാണ് ഈ സിനിമയിലെ അടിസ്ഥാന ആശയം. ഇത്തരം കാരണങ്ങളാല്‍ റിലീസ് ചെയ്യപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു ചലച്ചിത്രമാണ് 'കാതല്‍ ദ കോര്‍'.
ആരംഭ ഘട്ടത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക ബൗദ്ധിക രംഗങ്ങളില്‍ പ്രശസ്തരായ ചിലരും വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വാദിക്കുകയും ചെയ്തിരുന്നുവെങ്കിലും, സംവിധായകനായ ജിയോ ബേബി അക്കാലങ്ങളില്‍ത്തന്നെ താന്‍ ചലച്ചിത്രംകൊണ്ട് ലക്ഷ്യമാക്കിയത് ഘഏആഠഝകഅ + കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുകയും അവര്‍ക്ക് സാമാന്യ സമൂഹത്തിന്റെ പിന്തുണ സമ്പാദിക്കുകയുമായിരുന്നു എന്ന് ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. താരമൂല്യമുള്ള മമ്മൂട്ടിയെയും മറ്റും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത് പോലും ജനങ്ങളെ പരമാവധി തിയറ്ററില്‍ എത്തിക്കാനും, അങ്ങനെ സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കാനും വേണ്ടി തന്നെയാന്നും സംവിധായകന്‍ തുറന്നു പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ, 'കാതല്‍ ദ കോര്‍' എന്ന ചലച്ചിത്രം ഒരു പ്രൊപ്പഗാന്ത സിനിമയാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആ സിനിമയ്ക്ക് ഏറ്റവും ഉയര്‍ന്ന അംഗീകാരം നല്‍കിയിരിക്കുന്നതിനെ കാണേണ്ടത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോള്‍ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല. 
 
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള പ്രത്യേക 'സമാശ്വാസ' അവാര്‍ഡ് ബ്ലെസി സംവിധാനം ചെയ്ത് പ്രിത്വി രാജ് പ്രധാന വേഷത്തിലെത്തിയ 'ആടുജീവിത'ത്തിന് കൊടുത്തപ്പോള്‍ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് 'കാതല്‍ ദ കോര്‍' എന്ന സിനിമയ്ക്കാണ്. ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡിനുള്ള മാനദണ്ഡം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍, രണ്ട് പേരിലുള്ള അവാര്‍ഡുകള്‍ രണ്ടു സിനിമകള്‍ക്ക് ഇത്തരത്തില്‍ കൊടുക്കുമ്പോള്‍ അതിലൊന്നിന് അവാര്‍ഡ് കമ്മിറ്റി നിര്‍ബന്ധിതമായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ധാര്‍മ്മിക മൂല്യംകൂടി പരിഗണിച്ചാല്‍ മികച്ച സിനിമയായി പരിഗണിക്കാന്‍ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങള്‍ ഉണ്ടായിരിക്കെ, സ്വവര്‍ഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023ല്‍ ആരും കണ്ടിട്ടില്ലാത്ത ആടുജീവിതം ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രമാക്കി മാറ്റിയ മായാവിദ്യ അപാരംതന്നെയെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്‍