കേരളം പ്രളയക്കെടുതിയിൽ അകപെട്ടപ്പോൾ നഷ്ടം മലയാള സിനിമയ്ക്കും സംഭവിച്ചു. പ്രളയംമൂലം ഓണച്ചിത്രങ്ങളുടെ റിലീസ് അടുത്ത മാസത്തേക്കു മാറ്റി. സിനിമാ സംഘടനകളുടെ യോഗത്തിലാണു തീരുമാനം. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒരുമിച്ചു റിലീസ് ചെയ്താൽ നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിനെ തുടർന്ന് റിലീസുകൾ ഘട്ടം ഘട്ടമായി നടത്താനാണ് ധാരണ.
സെപ്റ്റംബർ ഏഴിനു തീവണ്ടി, രണം, 14ന് ഒരു കുട്ടനാടൻ ബ്ലോഗ്, പടയോട്ടം, 20നു ജോണി ജോണി യെസ് അപ്പ, വരത്തൻ, മാംഗല്യം തന്തുനാനേന, 28നു ചാലക്കുടിക്കാരൻ ചങ്ങാതി, ലില്ലി എന്നിങ്ങനെയാണു റിലീസ്.
നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെകൂടി അഭിപ്രായവും തീരുമാനം കണക്കിലെടുത്താണ് ചിത്രങ്ങളുടെ റിലീഗിംഗ് പട്ടിക തയ്യാറാക്കിയത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം കലക്‌ഷനുണ്ടെങ്കിൽ ഷോ തുടരും. അല്ലാത്തപക്ഷം ചിത്രം നീക്കാം. ബിഗ് ബജറ്റ് ചിത്രങ്ങളായ ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഡ്രാമ എന്നിവയുടെ റിലീസ് നിർമാതാക്കളുമായി ചർച്ചചെയ്തു തീരുമാനിക്കും. ഒക്ടോബറിൽ ഇവയുടെ റിലീസുണ്ടാകും.
പ്രളയം കോടികളുടെ നഷ്ടമാണു സിനിമ മേഖലയ്ക്കുണ്ടാക്കിയത്. ചിത്രീകരണങ്ങൾ മുടങ്ങുകയും 60 ശതമാനം തിയറ്ററുകൾ അടച്ചിടേണ്ടി വരികയും ചെയ്തു. പല തിയറ്ററുകളിലും വെള്ളം കയറി. ചുരുങ്ങിയതു 30 കോടിയുടെ നഷ്ടമുണ്ട്.
വിവിധ സംഘടനകളുമായി സഹകരിച്ചു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായി ചേംബർ അറിയിച്ചു. സൗത്ത് ഇന്ത്യൻ ചേംബർ വഴി 4,500 ചാക്ക് അരി ദുരിതാശ്വാസ ക്യാംപുകളിൽ നൽകിയിട്ടുണ്ട്.