കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. കന്നഡ സിനിമയാണെങ്കില്‍ പോലും ബോളിവുഡ് സിനിമാ ലോകമാണ് ചിത്രം കാണുവാന്‍ ഏറ്റവുമധികം കാത്തിരിക്കുന്നത്. പുറത്തുവന്ന ട്രെയിലറുകളില്‍ കൂടുതല്‍ ആളുകള്‍ കണ്ടത് ഹിന്ദി പതിപ്പാണ്. മലയാളം പതിപ്പിനും 9.5 മില്യണ്‍ കാഴ്ചക്കാര്‍ ഉണ്ട്. ഒന്നരവര്‍ഷത്തോളം കഷ്ടപ്പെട്ടാണ് മലയാളം പതിപ്പിന്റെ ഡബ്ബിംഗ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്.
മലയാളം പതിപ്പിന് സംഭാഷണം ഒരുക്കിയത് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ്.ശബ്ദത്തിലൂടെ പല പ്രമുഖരും കെജിഎഫിന്റെ ഭാഗമായിട്ടുണ്ടെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. അത് ആരെല്ലാം ആണെന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിനൊരു കാരണമുണ്ട്.
സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നതാണ് കാരണം. തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ അത് ആരുടെ ശബ്ദമാണെന്ന് പ്രേക്ഷകന്‍ ചിന്തിക്കാത്ത വിധമാണ് ഡബിങ് ചെയ്തിട്ടുള്ളതെന്നും സംവിധായകന്‍ പറയുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് ഡബ്ബിങ് ടീമില്‍ ഉണ്ടായിരുന്നതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തി.
ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.