വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് കൊല്ലം അജിത്. പദ്മരാജന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടെയാണ് അതിത് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പിന്നീടങ്ങോട്ട് വില്ലൻ കഥാപാത്രങ്ങൾ മാത്രമാണ് അജിത്തിനെ തേടിയെത്തിയത്.
വർഷങ്ങൾക്ക് മുൻപ് കൊല്ലം അജിത് മമ്മൂട്ടിയെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ ചർച്ചയാവുകയാണ്. പൂവിനു പൂന്തെന്നൽ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അജിതിന് സിനിമയിൽ നിശ്ചയിച്ചിരുന്ന വേഷം നൽകേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുമ്പൊഴാണ് അജിത് ഇക്കാര്യം അറിയുന്നത്. അന്ന് സങ്കടത്തോടെയാണ് സിനിമയുടെ സെറ്റിൽ നിന്നും മടങ്ങിയത് എന്ന് അജിത് കുറിപ്പിൽ പറയുന്നു.
പിന്നീട് അജിത്തിനുണ്ടായ വിഷമം കൊച്ചിൻ ഹനീഫയിൽ നിന്നും അറിഞ്ഞ മമ്മൂട്ടി രാത്രി തന്നെ അജിത്തിനെ തേടി ഉദയാ സ്റ്റുഡിയോയിലെത്തി. ഉറങ്ങിയിരുന്ന അജിത്തിനെ വിളിച്ചുണർത്തി സംസാരിച്ചു. അന്ന് മമ്മൂട്ടി പറഞ്ഞതിങ്ങനെ.
‘ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്' എന്ന് അജിത് കുറിപ്പിൽ എഴുതി. പിന്നീട് മമ്മൂട്ടി പറഞ്ഞത് സത്യമാവുകയും ചെയ്തു എന്ന് അജിത് പറയുന്നു.