നസ്രിയയുടെ വരവ് ആരാധകർ ഏറ്റെടുത്തു; ഇനി 'കൂടെ'യ്‌ക്ക് മുന്നിൽ അബ്രഹാം മാത്രം!
നസ്രിയയുടെ വരവ് ആരാധകർ ഏറ്റെടുത്തു; ഇനി 'കൂടെ'യ്‌ക്ക് മുന്നിൽ അബ്രഹാം മാത്രം!
Publish Date: Mon, 06 Aug 2018 (12:11 IST)
Updated Date: Mon, 06 Aug 2018 (12:13 IST)
ജൂലൈ പതിനാലിന് റിലീസ് ചെയ്ത കൂടെ ഒരു മാസം പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. സഹോദര ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കളക്ഷനിൽ കുതിക്കുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളെ കണത്തിവെട്ടുമോ എന്നാണ് സിനിമാ പ്രേമികൾ നിരീക്ഷിക്കുന്നത്.
നസ്രിയയുടെ മടങ്ങിവരവ് തികച്ചും വിജയമായിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പുതിയ ചരിത്രം കുറിച്ചാണ് കൂടെ യാത്ര തുടരുന്നത്. റിലീസിനെത്തി 23 ദിവസങ്ങള്‍ പിന്നിടുമ്പോൾ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ചിത്രം. നിലവില്‍ മള്‍ട്ടിപ്ലെക്‌സില്‍ 12 പ്രദര്‍ശനങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
കേരളത്തിൽ മാത്രമല്ല വിദേശത്തും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇ/ജിസിസി സെന്ററുകളിലേക്ക് അടുത്തിടെയാണ് ചിത്രം റിലീസിനെത്തിയത്. യുഎഇ യില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 2.06 കോടിയാണ് ചിത്രം നേടിയത്. ജിസിസി സെന്ററുകളില്‍ നിന്നും 1.12 കോടി നേടിയപ്പോള്‍ ആദ്യ ആഴ്ച കഴിയുമ്പോള്‍ 3.18 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം, ജൂണില്‍ തിയേറ്ററുകളിലേക്കെത്തിയ അബ്രഹാമിന്റെ സന്തതികൾ അമ്പത് ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും ഒരുപോലെ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്ന അബ്രഹാമിനെ തോൽപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂടെ.