അജിത്ത്-ശാലിനി പ്രണയകഥ സിനിമ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതും രസകരവുമാണ്. 1999 ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു. പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്.
തങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കരുതെന്ന് അജിത്തിനും ശാലിനിക്കും നിര്‍ബന്ധമുണ്ടായിരുന്നു. പൊതു പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കില്ലെന്ന് ഇരുവരും തീരുമാനിച്ചു. ആളുകള്‍ കൂടുന്ന സ്ഥലത്ത് വച്ചുള്ള കൂടിക്കാഴ്ചകളും നിര്‍ത്തി. ശാലിനിയുടെ സിനിമ സെറ്റുകളില്‍ അജിത്ത് സന്ദര്‍ശിക്കാറില്ലെന്ന് ഒരിക്കല്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷിക്കുമോ എന്ന ആശങ്ക നിമിത്തമാണ് ശാലിനിയുടെ സെറ്റിലേക്ക് അജിത്ത് വരാതിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അക്കാലത്ത് തന്റെ കൈയില്‍ സോണി എറിക്സണ്‍ കമ്പനിയുടെ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെന്നും ശാലിനി അജിത്തിനെ വിളിച്ചിരുന്നത് ആ ഫോണ്‍ ഉപയോഗിച്ചായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.