"മുഖമില്ലാതെ ഉടൽ മാത്രമായി മറയേണ്ടിയിരുന്ന അവളെയാണ് അരുൺ ഗോപി സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയത്"
"മുഖമില്ലാതെ ഉടൽ മാത്രമായി മറയേണ്ടിയിരുന്ന അവളെയാണ് അരുൺ ഗോപി സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയത്"
സ്‌കൂൾ യൂണിഫോമിൽ മീൻവിറ്റ ഹനാനും സിനിമയിൽ ഹനാന് അവസരം നൽകിയ അരുൺ ഗോപിയ്‌ക്കും പിന്തുണയുമായി എഴുത്തുകാരൻ ലിജീഷ് കുമാർ. "മുഖമില്ലാത്ത ഉടലുകളാണ് തങ്ങളുടേതെന്നറിഞ്ഞിട്ടും ഓടുന്നവർക്കൊപ്പം ഓടുകയും പാടുന്നവർക്കൊപ്പം പാടുകയും ആടുന്നവർക്കൊപ്പം ആടുകയും ചെയ്യുന്ന ജൂനിയർ ആർട്ടിസ്‌റ്റുകളായ ആയിരത്തിലൊരുവളായിരുന്നു ഹനാൻ. മുഖമില്ലാതെ ഉടൽ മാത്രമായി മറയേണ്ടിയിരുന്ന അവളെയാണ് അരുൺ ഗോപി സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയത്" എന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ലിജീഷ് പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-
ആകാശത്ത് നിന്ന് മണ്ണിലേക്ക് വെള്ളിനൂലിൽ ഞാന്നിറങ്ങുന്ന താരങ്ങൾക്കിടയിൽ ഇതാ എന്റെ പെൺകുട്ടി !! ഹാറ്റ്സ് ഓഫ് അരുൺ ഗോപി.
....................................................................
ഹനാനെക്കുറിച്ചല്ല, അവളുടെ സ്വപ്നങ്ങൾക്കൊപ്പം നിന്ന അരുൺ ഗോപിയെക്കുറിച്ചാണ്. അവൾക്ക് നല്കിയ സ്നേഹം മുഴുവൻ നിങ്ങൾ റദ്ദുചെയ്ത് കളയാൻ തീരുമാനിച്ചത് അരുൺ ഗോപി എന്ന സംവിധായകൻ തന്റെ പ്രണവ് മോഹൻലാൽ സിനിമയിൽ അവളുണ്ട് എന്ന് പ്രഖ്യാപിച്ച ശേഷമാണ്. അവൾ കള്ളം പറഞ്ഞു എന്നായിരുന്നു പൊടുന്നനെ നിങ്ങൾ കണ്ടെത്തിയ പരാതി. അവളുടെ കുടുംബത്തിന്റെ അവസ്ഥ, ഉപേക്ഷിച്ചുപോയ പിതാവ്, മുന്‍പ് പഠിച്ച സ്‌കൂളിലെ കന്യാസ്ത്രീകളുടെ ഉപദ്രവങ്ങള്‍,
കഷ്ടപ്പെട്ട് പടുത്തുയർത്തുന്ന ജീവിതം ഏതായിരുന്നു അവൾ പറഞ്ഞ കളവെന്ന ചോദ്യത്തിന് നിങ്ങൾ ഭംഗിയായി ഉത്തരം പറഞ്ഞു. ഇപ്പറഞ്ഞതൊന്നുമല്ല, അരുൺ ഗോപി തന്റെ സിനിമയിലേക്ക് അവളെ കാസ്റ്റ് ചെയ്ത ശേഷം പോപ്പുലറാക്കാൻ നടത്തിയ ഗിമ്മിക്കാണിക്കണ്ടതെല്ലാം, അതാണവളുടെ കള്ളമെന്ന്. ആണോ അല്ലയോ എന്ന തർക്കമാണ് തുടരുന്നത്. ആണെങ്കിലെന്താണ് എന്ന ചോദ്യമുന്നയിച്ചാണ് ഞാനീ തർക്കത്തിലിടപെടുന്നത്.
ആയിരം രൂപ ദിവസ വേതനത്തിന് ആയിരങ്ങൾക്കൊപ്പം മുഖം കാണിക്കാൻ പോകുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ നിങ്ങൾക്ക് മനസിലാകുമോ എന്നറിയില്ല. പലപ്പോഴും കഷ്ടപ്പാടുകൾ കൊണ്ട് മാത്രമല്ല സർ, മുഖമില്ലാത്ത ഉടലുകളാണ് തങ്ങളുടേതെന്നറിഞ്ഞിട്ടും ഓടുന്നവർക്കൊപ്പം ഓടുകയും പാടുന്നവർക്കൊപ്പം പാടുകയും ആടുന്നവർക്കൊപ്പം ആടുകയും ചെയ്യാൻ അവരോടിച്ചെല്ലുന്നത് അത്രമേൽ സിനിമ അവരെ പ്രലോഭിപ്പിക്കുന്നത് കൊണ്ടു കൂടിയാണ്. ആയിരത്തിലൊരുവളായിരുന്നു ഹനാൻ. നിങ്ങൾക്കറിയുമോ സർ, ആർട്ടിലും പ്രൊഡക്ഷനിലുമൊക്കെ വർക്ക് ചെയ്യുന്ന തൊഴിലാളികളേറെയും സിനിമയിലഭിനയിക്കാൻ മോഹിച്ച് നടന്നവരാണ്. സിനിമയോട് അരികു ചേർന്ന് നില്ക്കുമ്പോൾ അവരനുഭവിക്കുന്ന ആനന്ദം എത്ര വലുതാണെന്നോ. വിളിച്ചാൽ എളുപ്പം വിളികേൾക്കാവുന്ന ദൂരത്ത് അവർ ജോലി ചെയ്യുന്നത് ഡ്രൈവറായോ വാച്ച്മാനായോ ബെയററായോ ഈ പടത്തിൽ തങ്ങൾ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഒരു പെൺകുട്ടിക്ക് അതു പോലും അത്രയെളുപ്പമല്ല സർ. അങ്ങനെയൊരുവളായിരുന്നു ഹനാൻ. ഡബ്സ്മാഷുകളിലൂടെയും എഴുതുകയും പാടുകയും ചെയ്ത പാട്ടുകളിലൂടെയും ആങ്കറിങ്ങിലൂടെയും അവൾ പാലം നെയ്യാൻ നോക്കിയത് സിനിമയിലേക്കാണ്. അവളെയാണ്, മുഖമില്ലാതെ ഉടൽ മാത്രമായി മറയേണ്ടിയിരുന്ന അവളെയാണ് അരുൺ ഗോപി സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയത്.
സെലക്ട് ചെയ്ത ശേഷം കളിച്ച നാടകമായിരുന്നെങ്കിലെന്താണ് സർ കുഴപ്പം. ഒരു മണിമാളികയിൽ നോട്ടുകെട്ടുകളുടെ ചൂടിലുറങ്ങിയൊരാളെ വേഷം കെട്ടിച്ചിറക്കിയതല്ലല്ലോ സർ. അയാൾ ലോകത്തോട് പറയാൻ ശ്രമിച്ചത് - ഇതാ ഒരു പെൺകുട്ടി, ഉപ്പയുപേക്ഷിച്ച ഒരാൾ. ഉമ്മയ്ക്കൊപ്പം അരക്ഷിത ജീവിതം ജീവിക്കുന്ന ഒരാൾ. അതിനെ മറികടക്കാൻ പഠിക്കുന്നതിനിടയിൽ മീൻ വിറ്റും, ഭക്ഷണം ഉണ്ടാക്കി വിറ്റും പൊരുതുന്ന ഒരു മിടുക്കി. അവളാണ് എന്റെ താരം. ആകാശത്ത് നിന്ന് മണ്ണിലേക്ക് വെള്ളിനൂലിൽ ഞാന്നിറങ്ങുന്ന താരങ്ങൾക്കിടയിൽ ഇതാ എന്റെ പെൺകുട്ടി എന്നല്ലേ. എത്ര മഹത്തായ മെസേജാണത്. മണ്ണുവീടിനുള്ളിലിരുന്ന് നക്ഷത്രക്കുപ്പായം തുന്നുന്ന എത്രമാത്രം കുഞ്ഞുങ്ങളെയായിരിക്കും അതാവേശം കൊള്ളിച്ചിട്ടുണ്ടാവുക ! അഭിനയം പഠിച്ചിറങ്ങിയ പ്രൊഫഷണലുകൾക്കിടയിൽ, ലക്ഷങ്ങൾ വിലയുള്ള കോസ്മെറ്റിക്സുകളിൽ പുനർജനിച്ച ഉടലുകൾക്കിടയിൽ തങ്ങളുടെ ഇടം കണ്ടെത്താൻ ഓഡിഷനുകൾക്ക് കള്ളങ്ങൾ കുത്തിനിറച്ച ബയോഡാറ്റകളുമായി ഓടുന്ന കുട്ടികൾ, എന്തറിയാമെന്ന ചോദ്യത്തിന് എനിക്ക് മീൻ വില്ക്കാനറിയാമെന്നും ഒഴിവുനേരങ്ങളിലെന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഒഴിവു നേരങ്ങളില്ല സർ, സ്റ്റോപ്പുകൾ തീരെക്കുറവുള്ളൊരു മിന്നൽ സർവീസാണെന്റേത് - ഒത്തിരി ദൂരം എനിക്കോടിത്തീർക്കേണ്ടതുണ്ട് എന്നും മറുപടി പറയുന്നൊരാളെ ഇനി റോൾ മോഡലാക്കട്ടെ എന്ന് ഒരു സംവിധായകൻ തീരുമെനിച്ചെങ്കിൽ ആ ഇച്ഛാശക്തിക്ക് കൈയ്യടിക്കാതെ പോകുന്നതെങ്ങനെയാണ്.
വിചിത്രമാണ് നിങ്ങളുടെ നിലപാടുകളും നിലപാട് മാറ്റവും. കേസും പരാതികളുമുയർന്നപ്പോൾ ഒറ്റയടിക്ക് അവളെ വിളിച്ച തെറികളെല്ലാം നിങ്ങൾ മാറ്റിവിളിക്കുന്നു. അരുൺ ഗോപിയെ വിളിച്ച തെറികളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. മനസ്താപമല്ല ഭീതിയും ഞാൻ പൊതുബോധത്തിനൊപ്പമല്ലാതായ്പ്പോകുമോ എന്ന ആശങ്കയുമാണ് നിലപാടുകൾക്ക് പിന്നിൽ. ഈ ഞാണിന്മേൽ കളിക്കാരോട്, സ്വയം കേട്ടുകൊണ്ട് ദിലീഷ് പോത്തൻ പങ്കു വെക്കുന്ന ഒരു ഡയലോഗുണ്ട് മഹേഷിന്റെ പ്രതികാരത്തിൽ, അതിതാണ് - 'നീ എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നിക്കെടാ നായിന്റെ മോനേ' എന്ന്. സേഫ് സോൺ മാർക്ക് ചെയ്ത് ഇങ്ങനെ സമർത്ഥമായി മറുകണ്ടം ചാടാൻ ഭയങ്കര തൊലിക്കട്ടി തന്നെ വേണം, സമ്മതിച്ചിരിക്കുന്നു.
ഹനാനൊപ്പമെന്നാൽ അരുൺ ഗോപിക്കൊപ്പം എന്ന് തന്നെയാണ്, സംശയമില്ല.