റോളക്സ് എപ്പോൾ വരും? ഇനിയും കാത്തിരിക്കണോ?: മറുപടിയുമായി ലോകേഷ് കനകരാജ്
കൂലിയെക്കാൾ ഹൈപ്പുള്ള ലോകേഷ് കനകരാജ് ചിത്രങ്ങളിൽ ഒന്നാണ് റോളക്സ്.
കൈതി എന്ന കാർത്തി ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന് ജനപ്രീതി ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ വർഷം ഓഗസ്റ്റ് 14നാണ് കൂലി പ്രേക്ഷകരിലേക്കെത്തുന്നത്. കൂലിയെക്കാൾ ഹൈപ്പുള്ള ലോകേഷ് കനകരാജ് ചിത്രങ്ങളിൽ ഒന്നാണ് റോളക്സ്.
സൂര്യ- ലോകേഷ് കനകരാജ് ടീമിന്റെ റോളക്സ് സ്റ്റാൻഡ് എലോൺ ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകൾക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. വിക്രം എന്ന സിനിമയിലെ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട നിൽക്കുന്ന കാമിയോ വേഷം അത്രത്തോളം ഹൈപ്പാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. ഇപ്പോൾ ആ സിനിമയെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സൂര്യ നായകനായ പുതിയ ചിത്രം റെട്രോ കാണുന്നതിന് ലോകേഷും എത്തിയിരുന്നു. ഈ വേളയിൽ സംവിധായകനോട് സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം ഉടൻ പ്രതീക്ഷിക്കാമോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഇതിന് മറുപടിയായാണ് റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ സംബന്ധിച്ച അപ്ഡേറ്റ് അദ്ദേഹം പങ്കുവെച്ചത്. കൈതി 2 വിന് ശേഷം മാത്രമേ റോളക്സ് സംഭവിക്കുകയുള്ളൂ.
'റോളക്സ് വരുന്നുണ്ട്. എപ്പോൾ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. ഇപ്പോൾ കൈതി 2 ഉണ്ട്. അതെല്ലാം തീർന്ന ശേഷം ഉറപ്പായും റോളക്സ് ചെയ്യും,' എന്നായിരുന്നു ലോകേഷ് കനകരാജിന്റെ പ്രതികരണം.
ലോകേഷ് കനകരാജിന്റെ എൽസിയുവിലെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) പ്രധാന വില്ലൻ കഥാപാത്രമാണ് റോളക്സ്. 2022 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിക്രമിലായിരുന്നു ഈ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2023 ൽ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലും ഈ കഥാപാത്രത്തിന്റെ റഫറൻസ് ഉണ്ടായിരുന്നു. കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും വിവരമുണ്ട്.